രണ്ടുവര്‍ഷം മുമ്പു മരിച്ച യുവാവിന്‌ ഇരട്ടക്കുട്ടികള്‍ പിറന്നു

0

പുനെ: രണ്ടുവര്‍ഷം മുമ്പു മരിച്ച മകന്‌ ഇരട്ടക്കുട്ടികളുണ്ടായതിന്റെ ആഹ്‌ളാദത്തിലാണു പുനെയിലെ ദമ്പതികള്‍. പരേതനായ പ്രതമേഷിന്‌ അജ്‌ഞാതയുവതിയിലുണ്ടായ മക്കളെ പ്രസവിച്ചതാകട്ടെ അമ്മായിയും. ശാസ്‌ത്രനേട്ടത്തിന്റെ കൗതുകത്തിനപ്പുറം പിറന്നുവീണതു ചില ധാര്‍മികസമസ്യകള്‍കൂടിയാണ്‌.

തലച്ചോറില്‍ അര്‍ബുദം ബാധിച്ച, അവിവാഹിതനായ പ്രതമേഷിന്റെ ശുക്ലം മരിക്കുന്നതിനു മുമ്പു വേര്‍തിരിച്ച്‌ ക്രയോപ്രിസര്‍വ്‌ സാങ്കേതികവിദ്യയിലൂടെ സൂക്ഷിച്ചുവച്ചാണു മാതാപിതാക്കള്‍ കൊച്ചുമക്കളെന്ന സ്വപ്‌നം സഫലമാക്കിയത്‌. ഈ ശുക്ലം ഡോക്‌ടര്‍മാര്‍ ദാതാവായ യുവതിയുടെ അണ്ഡവുമായി സംയോജിപ്പിച്ച്‌ ഭ്രൂണങ്ങള്‍ സൃഷ്‌ടിച്ചു. ഇവ ഗര്‍ഭപാത്രത്തില്‍ വഹിച്ചതാകട്ടെ മരിച്ച യുവാവിന്റെ അമ്മായിയും. രണ്ടുദിവസം മുമ്പ്‌ ഇവര്‍ ഇരട്ട ആണ്‍കുട്ടികള്‍ക്കു ജന്മം നല്‍കി.

ജര്‍മനിയില്‍ ഉപരിപഠനത്തിനിടെ 2013-ലാണ്‌ പ്രതമേഷിനു തലച്ചോറില്‍ അര്‍ബുദം സ്‌ഥിരീകരിച്ചത്‌. കീമോതെറാപ്പി ആരംഭിക്കുന്നതോടെ വന്ധ്യതയ്‌ക്കുള്ള സാധ്യത മുന്നില്‍ക്കണ്ട ഡോക്‌ടര്‍മാര്‍ യുവാവിന്റെ സമ്മതത്തോടെ ശുക്ലം ശേഖരിച്ച്‌ ക്രയോപ്രിസര്‍വ്‌ സാങ്കേതികവിദ്യയിലൂടെ സൂക്ഷിക്കുകയായിരുന്നു. തുടര്‍ന്ന്‌ പുനെയിലെത്തിയ യുവാവ്‌ 2016 സെപ്‌റ്റംബറില്‍ മരിച്ചു. മകന്റെ മരണശേഷം അമ്മ രാജശ്രീ പാട്ടീല്‍ ജര്‍മനിയിലെ ബീജബാങ്കുമായി ബന്ധപ്പെട്ടു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പുനെയിലെ സഹ്യാദ്രി ആശുപത്രിയെ സമീപിച്ചാണു കൃത്രിമബീജസങ്കലനത്തിലൂടെ നാലു ഭ്രൂണങ്ങള്‍ സൃഷ്‌ടിച്ചത്‌. മകന്റെ കുഞ്ഞിനെ ഗര്‍ഭത്തില്‍ വഹിക്കാന്‍ നാല്‍പത്തൊമ്പതുകാരിയായ രാജശ്രീ തയാറായെങ്കിലും വൈദ്യപരിശോധനയില്‍ അതിനുള്ള സാധ്യതയടഞ്ഞു. തുടര്‍ന്നാണു മുപ്പത്തെട്ടുകാരിയായ അമ്മായിയുടെ ഗര്‍ഭപാത്രത്തില്‍ രണ്ടു ഭ്രൂണങ്ങള്‍ നിക്ഷേപിച്ചത്‌.

ഈ സംഭവം അത്യപൂര്‍വമല്ലെങ്കിലും ചില ധാര്‍മികപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതായി ചെന്നൈയിലെ ഇന്ത്യന്‍ വാടകഗര്‍ഭധാരണ നിയമകേന്ദ്രം സ്‌ഥാപകന്‍ ഹരി ജി. രാമസുബ്രഹ്‌മണ്യം പറഞ്ഞു. മരണശേഷം തന്റെ ബീജമുപയോഗിച്ച്‌ പ്രത്യുത്‌പാദനം നടത്താന്‍ യുവാവ്‌ സമ്മതപത്രം നല്‍കിയിരുന്നോ?,

കുഞ്ഞുങ്ങളുടെ സംരക്ഷണം മുത്തച്‌ഛനും മുത്തശ്ശിയും തങ്ങളുടെ കാലശേഷം എങ്ങനെ ഉറപ്പുവരുത്തും?, മാതാപിതാക്കളാകാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ടെങ്കിലും മുത്തച്‌ഛനും മുത്തശ്ശിയുമാകാനുള്ള അവകാശം മൗലികാവകാശങ്ങള്‍ക്കു പുറത്താണ്‌. ഇതിനെല്ലാം പുറമേ സ്വാഭാവിക രക്ഷാകര്‍തൃത്വത്തിനു കുഞ്ഞുങ്ങള്‍ക്കുള്ള അവകാശമാണ്‌ ഏറ്റവും പ്രധാനം. ഇത്തരം പ്രത്യേകസാഹചര്യം കൈകാര്യം ചെയ്യുന്ന നിയമങ്ങളൊന്നും രാജ്യത്തു നിലവിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.