ഗോവ കടന്ന്‌ ചെന്നൈയിന്‍

0

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ സീസണ്‍ നാലില്‍ എഫ്‌.സി. ഗോവയ്‌ക്കെതിരേ നടന്ന എവേ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌.സിക്ക്‌ ഒരു ഗോള്‍ ജയം.

ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇനിഗോ കാല്‍ഡെറോണ്‍ നേടിയ ഗോളാണ്‌ ചെന്നൈയിനെ ജയത്തിലെത്തിച്ചത്‌്. 52-ാം മിനിട്ടിലെ ഗോളിന്‌ സെല്‍ഫ്‌ ഗോളിന്റെ ചുവയുണ്ടായിരുന്നു. ഗോവ താരം മുഹമ്മദ്‌ അലിയുടെ പിഴവാണു ഗോളില്‍ അവസാനിച്ചത്‌. ഗോവ ബോക്‌സില്‍ പന്ത്‌ അലക്ഷ്യമായി തട്ടിയ അലി കാല്‍ഡെറോണിനു ഗോളടിക്കാന്‍ വഴിയായി.

അലിയുടെ ക്ലിയറന്‍സ്‌ കിട്ടിയത്‌ ജെജെ ലാല്‍പെഖുലയ്‌ക്കായിരുന്നു. മാര്‍ക്ക്‌ ചെയ്യാതെനിന്ന കാല്‍ഡെറോണിനു ജെജെ പന്ത്‌ മറിച്ചു നല്‍കിയതും ഗോള്‍ വീണതും ഒപ്പം കഴിഞ്ഞു.

കാല്‍ഡെറോണിന്റെ ഷോട്ട്‌ വലയിലെത്തും മുമ്പ്‌ ഗോവ താരം നാരായണ്‍ ദാസിന്റെ കാലില്‍ തട്ടിയിരുന്നു. സെല്‍ഫ്‌ ഗോളാണെന്ന ധാരണയിലായിരുന്നു മത്സരം പുരോഗമിച്ചത്‌.

മത്സരത്തിന്റെ 58 ശതമാനം സമയത്തും പന്ത്‌ കൈവശം വച്ചിരുന്നതു ഗോവ ടീമായിരുന്നു. കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ ഗോവന്‍ താരങ്ങള്‍ കഴിയാതെ പോയതു തിരിച്ചടിയായി. ജയത്തോടെ ചെന്നൈയിന്‍ 15 കളികളില്‍നിന്ന്‌ 27 പോയിന്റുമായി മൂന്നാംസ്‌ഥാനത്തേക്കുയര്‍ന്നു. ജംഷഡ്‌പുര്‍ എഫ്‌.സിയാണു നാലിലേക്കു താണത്‌.

അത്രയും കളികളില്‍നിന്നു 33 പോയിന്റ്‌ നേടിയ ബംഗളുരു എഫ്‌.സി. ഒന്നാംസ്‌ഥാനത്തു തുടരുകയാണ്‌. എഫ്‌.സി. പുനെ സിറ്റി 28 പോയിന്റുമായി പിന്നാലെയുണ്ട്‌. കഴിഞ്ഞ നാലു മത്സരങ്ങളിലും ജയം അന്യമായതോടെ ഗോവയുടെ നോക്കൗട്ട്‌ സാധ്യതകള്‍ നൂല്‍പ്പാലത്തിലൂടെയായി. ചെന്നൈയിന്റെ സാധ്യതകള്‍ കൂടുതല്‍ സജീവുമായി.

Leave A Reply

Your email address will not be published.