വിശുദ്ധ വാലന്റൈന്റെ മുഖം പുനഃസൃഷ്ടിച്ചു
റോം: ഏവരും കരുതുന്നപോലെ വിശുദ്ധ വാലന്റൈന്‍ വയോധികനായിട്ടല്ല മരിച്ചത്. അദ്ദേഹം സുന്ദരനുമായിരുന്നു… പറയുന്നത് ബ്രസീലിലെ ഗ്രാഫിക് ഡിസൈനര്‍ സിസെറോ മൊറാസ്. ഇറ്റലിയിലെ പാദുവ സര്‍വകലാശാലയിലെ ഗവേഷകരുടെ സഹായത്തോടെയാണ് അദ്ദേഹം ഫാ. വാലന്റൈന്റെ മുഖം നിര്‍മിച്ചെടുത്തത്.
സാന്ത മരിയ ബസിലിക്കയില്‍ സൂക്ഷിക്കുന്ന ഭൗതികാവശിഷ്ടങ്ങളില്നിന്നാണു മുഖം സൃഷ്ടിച്ചത്. 269 ഫെബ്രുവരി 14 നാണ് അദ്ദേഹം അന്തരിച്ചതെന്നാണു വിശ്വാസം. കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെ തലയോട്ടിയുടെ പഴക്കം നിശ്ചയിക്കുകയായിരുന്നു ആദ്യം ചെയ്തത്. എ.ഡി. 119 നും 338 നും മധ്യേ ജീവിച്ചിരുന്ന വ്യക്തിയുടേതാണു ഭൗതികാവശിഷ്ടമെന്നു കണ്ടെത്തി.
റോമിലെ ക്ലോഡിയസ് രണ്ടാമന് ചക്രവര്‍ത്തിയാണു ഫാ. വാലന്റൈനു വധശിക്ഷ വിധിച്ചത്. സൈനികര്‍ വിവാഹം കഴിക്കരുതെന്നു ചക്രവര്‍ത്തിയുടെ കല്പനയോടെയാണു പ്രശ്നങ്ങള്‍ക്കു തുടക്കം. ചക്രവര്‍ത്തിയെ മറികടന്നു ഫാ. വാലന്റൈന്‍ രഹസ്യമായി വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. ഇതറിഞ്ഞു ചക്രവര്‍ത്തി വൈദികനെ അറസ്റ്റ് ചെയ്തു വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. വിശ്വാസികള്‍ക്കു കത്ത് എഴുതിയശേഷമായിരുന്നു അന്ത്യം.