മാണിയുടെ ഇടതുമുന്നണി പ്രവേശനം: സി.പി.ഐ മുന്നണി വിട്ടുപോയാല്‍ എതിര്ക്കണ്ടെന്ന് സി.പി.എം
തിരുവനന്തപുരം: സത്യസന്ധതയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകുന്ന സി.പി.ഐക്ക് മറുപടി നല്‍കേണ്ടതില്ലെന്ന് സി.പി.എം.. മുന്നണി വിട്ടുപോകാനാണ് സി.പി.ഐയുടെ തീരുമാനമെങ്കില്‍ അതിനെ എതിര്‍ക്കേണ്ടതില്ലെന്നും സി.പി.എമ്മില്‍ ധാരണയായിട്ടുണ്ട്. സി.പി.ഐക്കുള്ളില്‍ ശക്തമായ നിലകൊള്ളുന്ന വിഭാഗീയതയും മന്ത്രിമാരുടെ മോശം പ്രടകനവും ചര്‍ച്ചയാകാതിരിക്കാനായി സി.പി.എമ്മിനെ വിമര്‍ശിക്കുകയെന്ന നയമാണ് അവര്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് സി.പി.എമ്മിന്റെ നിലപാട്. ആത്മാര്‍ത്ഥതയില്ലാത്ത ഇത്തരം നിലപാടിന് ഒരു വിലയും കല്‍പ്പിക്കേണ്ടതില്ലെന്നാണ് സി.പി.എമ്മിന്റെ നിലപാട്.
കേരള കോണ്‍ഗ്രസി(എം)നെ ചൂണ്ടിക്കാട്ടി സി.പി.എമ്മിനെ വിമര്‍ശിക്കുന്ന സി.പി.ഐ കാട്ടുന്നത് അല്‍പ്പത്തരമാണെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായം. ഇന്നുവരെ മാണിയുമായി ഒരു ചര്‍ച്ചയും സി.പി.എം നടത്തിയിട്ടില്ല. പാര്‍ട്ടിസമ്മേളനങ്ങളിലെ ചര്‍ച്ചകളില്‍ പല അഭിപ്രായങ്ങളും ഉയര്‍ന്നുവരാറുണ്ട്. അതിനെ ആയുധമാക്കി വിമര്‍ശനം നടത്താനാണെങ്കില്‍ പലതും പറയാനാകും. മാത്രമല്ല, അഴിമതിയുടെ പേരില്‍ മാണിയെ ഉള്ക്കൊള്ളനാവില്ലെന്ന് പറയുന്നവര്‍ സ്വീകരിക്കുന്ന രാഷ്ട്രീയലൈന്‍ തന്നെ ഇരട്ടത്താപ്പിന്റേതാണെന്നാണ് സി.പി.എമ്മിന്റെ നിലപാട്.
ബാര്‍ക്കോഴ കേസിന്റെ പേരിലാണ് മാണിയെ എതിര്‍ക്കുന്നതെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി അങ്ങോളമിങ്ങോളം നടന്ന് സംസാരിക്കുന്നത്. മാണിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ തങ്ങള്‍ക്ക് എതിരഭിപ്രായമില്ല. അതേസമയം ഇവിടെ മാണിയുടെ അഴിമതിയെക്കുറിച്ച് പറയുകയും അനേകകോടികളുടെ അഴിമതി ആരോപണം നേരിടുന്നവരുമായി കൂട്ടുകൂടണമെന്നുമാണ് സി.പി.ഐ പറയുന്നത്. രണ്ടാം യു.പി.എ സര്‍ക്കാരിനെതിരെ ഉയര്‍ന്നത് ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി ആരോപണങ്ങളാണ്. കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്ക് എതിരെയും അന്ന് ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നു. അതൊക്കെ അവഗണിച്ചുകൊണ്ട് കോണ്‍ഗ്രസുമായി സഖ്യമാകാം മാണിയെ ഒഴിവാക്കണമെന്ന് പറയുന്നത് സി.പി.ഐയുടെ അവസരവാദപരമായ നിലപാടാണ്. അഴിമതിയുടെ കാര്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഈ നിലപാട് അവര്‍ എടുക്കില്ലായിരുന്നു.
ബി.ജെ.പിയുടെ ഭീഷണി കാട്ടിയാണ് കോണ്‍ഗ്രസുമായി ഒന്നിച്ചുപോകണമെന്ന് കാനം വാദിച്ചുകൊണ്ടിരിക്കുന്നത്. ഇടതുപാര്‍ട്ടികള്‍ യോജിച്ചാലും ദേശീയതലത്തില്‍ വലിയ മാറ്റമൊന്നും വരാനില്ല. മാത്രമല്ല, ഒരു നാണയത്തിന്റെ ഇരുവശമായ ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും ഒരുപോലെ എതിര്‍ക്കുന്നതിന് പകരം ഒരാളെ തുരത്താന്‍ മറ്റൊരാളെ കൂട്ടുപിടിക്കുകയെന്നത് അവസരവാദപരവും ആശയപരമായിതന്നെ ഇടതുപക്ഷവിരുദ്ധവുമാണ്. അങ്ങനെയാണെങ്കില്‍ ഇവിടെയും ഉയര്‍ന്നുവരുന്ന ബി.ജെ.പിയുടെ ഭീഷണിയില്ലാതാക്കാന് കഴിയുന്നത്ര ജനാധിപത്യ മതേതരപാര്‍ട്ടികളുമായി സഹകരിക്കേണ്ടിവരും. കേരളത്തില്‍മാത്രം അത് പാടില്ല, മറ്റെവിടെയും ഏത് ചെകുത്താനേയും കൂട്ടുപിടിക്കാമെന്നുള്ള സി.പി.ഐയുടെ നയം തങ്ങളുടെ കഴിവുകേടിന്റെ സൂചന മാത്രമാണ്. ഇവിടെ മറ്റാരെങ്കിലും ഒപ്പം വന്നാല്‍ തങ്ങളുടെ രണ്ടാംസ്ഥാനം നഷ്ടമാകുമോയെന്നുള്ള ഭയമാണ് സി.പി.ഐയ്ക്ക്. മറ്റൊരാളിനെ കുറ്റംപറഞ്ഞ് ആ സ്ഥാനത്ത് എങ്ങനെയും അള്ളിപ്പിടിച്ചിരിക്കാമെന്ന് കരുതുന്നത് സി.പി.ഐയുടെ കഴിവുകേടാണ്. സ്വന്തം നിലയില്‍ പ്രവര്‍ത്തിച്ച് സി.പി.ഐ വളരുകയാണ് വേണ്ടത്. ഇല്ലാതെ സി.പി.എമ്മിനെ ഇല്ലാതാക്കി ആ സ്ഥാനം പിടിച്ചെടുക്കാമെന്നത് സി.പി.ഐയുടെ വ്യാമോഹം മാത്രമാണ്. സ്ഥിരമായി അവര്‍ സ്വീകരിക്കുന്ന അവസരവാദപരമായ നിലപാടിന്റെ തുടര്‍ച്ച മാത്രമാണിത്. കൂടാതെ ഇപ്പോഴത്തെ നിലപാടിന് പിന്നില്‍ അധികാരമോഹവും ഉണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നുമാണ് സി.പി.എം. പറയുന്നു.