പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ്; കൂട്ടുപ്രതി മെഹൂല്‍ ചോക്സിയുടെ സ്ഥാപനങ്ങളില്‍ സി.ബി.ഐ റെയ്ഡ്
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പിലെ കൂട്ടുപ്രതിയും മുഖ്യപ്രതിയായ നീരവ് മോഡിയുടെ ബന്ധുവുമായ മെഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ സി.ബി.ഐ റെയ്ഡ്. ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഇരുപതോളം സ്ഥാപനങ്ങളിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്. പി.എന്‍.ബി ബാങ്കിനെ വഞ്ചിച്ച് 11,300 കോടി രൂപ തട്ടിച്ച കേസിലെ കുട്ടുപ്രതിയും മുഖ്യപ്രതി നീരവ് മോഡിയുടെ അമ്മാവനുമാണ് മെഹുല്‍ ചോക്സി.
ഗീതാഞ്ജലി ഗ്രൂപ്പിന്റെ വിവിധ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്. മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, ഗുജറാത്തിലെ സൂററ്റ്, രാജസ്ഥാനിലെ ജെയ്പൂര്‍, തെലങ്കാനയിലെ ഹൈദരാബാദ്, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ എന്നിവടങ്ങളിലെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ചോക്സിയുടെ ഗീതാഞ്ജലി ജെംസ്, ഗിലി ഇന്ത്യ, നക്ഷത്ര ബ്രാന്‍ഡ്സ് എന്നീ കമ്പനികളുടെ പേരാണ് എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
മുഖ്യപ്രതി നീരവ് മോഡിയുടെ ജ്വല്ലറികളില്‍ വ്യാഴാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. രാജ്യവ്യാപകമായി 17ഓളം ജ്വല്ലറികളില്‍ നടത്തിയ റെയ്ഡില്‍ 5100 കോടി രൂപയുടെ സ്വര്‍ണ, വജ്ര ആഭരണങ്ങള്‍ പിടിച്ചെടുക്കുകയും 4000 കോടി രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിക്കുകയും ചെയ്തിരുന്നു. മോഡിയുടെ ഡല്‍ഹി, മുംബൈ, സൂററ്റ്, ഹൈദരാബാദ് നഗരങ്ങളിലെ ജ്വല്ലറികളിലാണ് റെയ്ഡ് നടത്തിയത്.