യു.എസ്‌. സ്‌കൂളിലെ കൂട്ടക്കൊലയ്‌ക്കുശേഷം പ്രതി പോയതു റസ്‌റ്റോറന്റിലേക്ക്‌

0

ഫ്‌ളോറിഡ: പാര്‍ക്ക്‌ലാന്‍ഡിലെ മര്‍ജോറി സ്‌റ്റോണ്‍മാന്‍ ഡഗ്ലസ്‌ ഹൈസ്‌കൂളില്‍ പതിനേഴു പേരെ ബുധനാഴ്‌ച വെടിവച്ചുകൊന്ന പൂര്‍വ വിദ്യാര്‍ഥി നിക്കോളാസ്‌ ക്രൂസ്‌(19) കൂട്ടക്കൊലയ്‌ക്കു ശേഷം നേരേ പോയതു റസ്‌റ്റോറന്റിലേക്ക്‌. സ്‌കൂളിന്റെ പുറത്തു വെടി ഉതിര്‍ത്തശേഷം ഒന്നാംനിലയിലെ നാലു ക്ലാസ്‌ മുറികളിലും രണ്ടാം നിലയിലെ ഒരു ക്ലാസിലും കയറി വെടിവച്ച ഇയാള്‍ മൂന്നാംനിലയില്‍ എ.ആര്‍.15 റൈഫിളും തിരകളും ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. വെടിവയ്‌പ്പ്‌ മൂന്നു മിനിറ്റ്‌ നീണ്ടു.

നിലവിളിച്ചു പുറത്തേക്കു പ്രാണരക്ഷാര്‍ഥം ഓടിയ വിദ്യാര്‍ഥികള്‍ക്കൊപ്പം ഇയാളും രക്ഷപ്പെട്ടു. തുടര്‍ന്ന്‌ വാള്‍മാര്‍ട്ടില്‍ക്കയറി ശീതളപാനിയം കുടിച്ചു. പിന്നീടു ഭക്ഷണം കഴിക്കാന്‍ മക്‌ഡൊണാള്‍ഡ്‌സ്‌ റെസ്‌റ്റോറന്റില്‍ കയറി നാല്‍പ്പതു മിനിട്ടോളം അവിടെ ചെലവഴിച്ചു. സംഭവം നടന്നു രണ്ടു മണിക്കൂറിനകം അമേരിക്കയെ നടുക്കിയ രണ്ടാമത്തെ സ്‌കൂള്‍ വെടിവയ്‌പ്‌ കൂട്ടക്കൊലയുടെ ഘാതകനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്‌.

റിപ്പബ്ലിക്‌ ഓഫ്‌ ഫ്‌ളോറിഡ എന്ന പേരിലുള്ള പ്രസ്‌ഥാനത്തില്‍ ചേര്‍ന്ന്‌ ക്രൂസ്‌ അര്‍ധസൈനിക പരിശീലനം നേടിയിട്ടുണ്ട്‌. ഇയാളുടെ അമ്മ കഴിഞ്ഞ നവംബറില്‍ മരിച്ചിരുന്നു. ഇതോടെ മറ്റൊരു വീട്ടിലേക്കു പ്രതി താമസം മാറ്റി.

താന്‍ സ്‌കൂളിലെ പ്രഫഷണല്‍ വെടിവയ്‌പ്പുകാരനാകാന്‍ പോകുകയാണെന്നു കഴിഞ്ഞ സെപ്‌റ്റംബറില്‍ ഇയാള്‍ യൂട്യൂബില്‍ പോസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇക്കാര്യം മിസിസിപ്പിക്കാരനായ ഒരാള്‍ പോലീസിനെ അറിയിച്ചെങ്കിലും മറ്റു വിശദാംശങ്ങളില്ലാത്തതിനാല്‍ ഇതേക്കുറിച്ച്‌ അന്വേഷിച്ചില്ല. ഫ്‌ളോറിഡയിലെ സ്‌കൂളിനെപ്പറ്റി ഇതില്‍ പരാമര്‍ശമില്ലായിരുന്നു. മോശം പെരുമാറ്റത്തെത്തുടര്‍ന്നായിരുന്നു പ്രതിയെ സ്‌കൂളില്‍നിന്നു പുറത്താക്കിയത്‌.

വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ട 17 പേരില്‍ 14 പേരും വിദ്യാര്‍ഥികളാണ്‌. കുട്ടികളെ വെടിയുണ്ടകളില്‍നിന്നു രക്ഷിക്കാന്‍ ശ്രമിച്ച അസിസ്‌റ്റന്റ്‌ ഫുട്‌ബോള്‍ കോച്ചും സംഭവത്തില്‍ മരിച്ചു. അമേരിക്കന്‍ സ്‌കൂളില്‍ ഈവര്‍ഷം നടന്ന നടന്ന പതിനെട്ടാമത്തെ വെടിവയ്‌പായിരുന്നു ഇത്‌.

Leave A Reply

Your email address will not be published.