ഇന്ത്യക്ക്‌ എട്ട്‌ വിക്കറ്റ്‌ ജയം :കോഹ്ലിക്ക്‌ സെഞ്ചുറി

0

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ ആറാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യക്ക്‌ എട്ട്‌ വിക്കറ്റ്‌ ജയം. ഇതോടെ ഇന്ത്യ ഏകദിന പരമ്പര 5-1 നു സ്വന്തമാക്കി. സെഞ്ചുറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക 46.5 ഓവറില്‍ 204 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ കളി തീരാന്‍ 107 പന്തുകള്‍ ശേഷിക്കേ വിജയറണ്ണെടുത്തു.

ഏകദിനത്തിലെ 35-ാം സെഞ്ചുറി നേടിയ നായകന്‍ വിരാട്‌ കോഹ്ലിയാണു (96 പന്തില്‍ രണ്ട്‌ സിക്‌സറും 19 ഫോറുമടക്കം പുറത്താകാതെ 129) വിജയ ശില്‍പ്പി. ശിഖര്‍ ധവാനും (18) രോഹിത്‌ ശര്‍മയുമാണ്‌ (15) ഇന്ത്യന്‍ നിരയില്‍ പുറത്തായത്‌. അജിന്‍ക്യ രഹാനെ (50 പന്തില്‍ 34) കോഹ്ലിക്കു കൂട്ടായിനിന്നു. പരമ്പരയില്‍ കോഹ്ലിയുടെ മൂന്നാമതത്തെ സെഞ്ചുറിയാണിത്‌. ഏകദിനത്തിലെ സെഞ്ചുറി വേട്ടക്കാരുടെ പട്ടികയില്‍ മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ 49 സെഞ്ചുറികളുടെ റെക്കോഡ്‌ മറികടക്കാനുള്ള യാത്രയിലാണു കോഹ്ലി. പരമ്പരയില്‍ ആദ്യമായി കളിച്ച പേസര്‍ ശാര്‍ദൂല്‍ ഠാക്കൂറാണ്‌ ദക്ഷിണാഫ്രിക്കയെ ഒതുക്കിയത്‌. 52 റണ്‍ വഴങ്ങി നാലു വിക്കറ്റെടുക്കാന്‍ ശാര്‍ദൂലിനായി. ജസ്‌പ്രീത്‌ ബുംറയും യുസ്‌വേന്ദ്ര ചാഹാലും രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. ഹാര്‍ദിക്‌ പാണ്ഡ്യ, കുല്‍ദീപ്‌ യാദവ്‌ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു. മധ്യനിര ബാറ്റ്‌സ്മാന്‍ കെയ്‌സു സോണ്ട നേടിയ അര്‍ധ സെഞ്ചുറിയാണു ദക്ഷിണാഫ്രിക്കയെ 200 കടത്തിയത്‌. 74 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്നു ഫോറുമടക്കം 54 റണ്ണെടുത്ത സോണ്ടയാണു ടോപ്‌ സ്‌കോറര്‍.

മുന്‍ നായകന്‍ എ.ബി. ഡിവിലിയേഴ്‌സ് 34 പന്തില്‍ 30 റണ്ണുമായി തിളങ്ങി. വാലറ്റത്ത്‌ ആരണ്‍ ഫെലുക്‌വായോ 42 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 34 റണ്ണെടുത്തു. ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലി ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനു വിട്ടു. നായകന്‍ എയ്‌ദിന്‍ മാര്‍ക്രമും ഹാഷിം ആംലയുമാണ്‌ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്‌. 19 പന്തില്‍ 10 റണ്ണെടുത്ത ആംലയെ വിക്കറ്റിനു പിന്നില്‍ എം.എസ്‌. ധോണിയുടെ കൈയിലെത്തിച്ച്‌ ഠാക്കൂറാണു വിക്കറ്റ്‌ വേട്ട തുടങ്ങിയത്‌. മാര്‍ക്രമും ഡിവിലിയേഴ്‌സും ചേര്‍ന്നതോടെ പരമ്പരയിലാദ്യമായി ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലേക്കു നീങ്ങുമെന്നു തോന്നി. സ്‌കോര്‍ 43 ല്‍ നില്‍ക്കേ മാര്‍ക്രത്തെ ഠാക്കൂര്‍ ശ്രേയസ്‌ അയ്യരുടെ കൈയിലെത്തിച്ചു. 30 പന്തില്‍ ഒരു സിക്‌സറും മൂന്നു ഫോറുമടക്കം 24 റണ്ണുമായാണു നായകന്‍ മടങ്ങിയത്‌. പഴയ ഫോമിലല്ലെങ്കിലും ഡിവിലിയേഴ്‌സ് പ്രതിഭയെ നീതികരിക്കുന്ന ഷോട്ടുകള്‍ പായിച്ചു. ലെഗ്‌ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹാലിന്റെ പന്തിന്റെ ഗതി മനസിലാക്കുന്നതില്‍ ഡിവിലിയേഴ്‌സിനു പിഴച്ചതു മത്സരത്തില്‍ വഴിത്തിരിവായി. കുത്തിത്തിരിയാതെ വന്ന പന്ത്‌ ഡിവിലിയേഴ്‌സിന്റെ വിക്കറ്റ്‌ തെറുപ്പിച്ചു. സോണ്ടോയെ പുറത്താക്കിയതും ചാഹാലാണ്‌.

Leave A Reply

Your email address will not be published.