ചെട്ടികുളങ്ങര കുംഭഭരണി ഇന്ന്
മാവേലിക്കര: പ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണി ഇന്ന്. ഇന്ന് പുലര്‍ച്ചെ ആറു മുതല്‍ ചൂരല്‍ മുറിയുന്ന കുട്ടികളുമായി കുത്തിയോട്ട ഘോഷയാത്രകള്‍ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. 12 കുത്തിയോട്ടങ്ങളാണ് ഇത്തവണയുള്ളത്.
ഉച്ചയ്ക്ക് 12 മണിയോടെ മുഴുവന്‍ കുത്തിയോട്ടങ്ങളും ക്ഷേത്രത്തില്‍ എത്തിച്ചേരും. ക്ഷേത്രത്തിനുള്ളില്‍ കുത്തിയോട്ട വഴിപാട് പ്രവേശിക്കുമ്പോള്‍ മുതല്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ശ്രീദേവി വിലാസം ഹിന്ദുമത കണ്വന്ഷന് ഭാരവാഹികള്‍ അറിയിച്ചു.
ശക്തമായ പോലീസ് സംവിധാനവും സി.സി ടി.വി ക്യാമറ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൂരല്‍ മുറിയുന്ന ഇടങ്ങളില്‍ കുത്തിയോട്ട ആശാന്മാര്ക്കും ഗൃഹനാഥനും മാത്രമായിരിക്കും പ്രവേശനം.
കുത്തിയോട്ട ഗൃഹങ്ങളില്‍ ഇന്നലെ വിശ്രമ ദിനമായിരുന്നു. കുത്തിയോട്ട വീടുകളില്‍ കുത്തിയോട്ട സദ്യ നടന്നു. കുത്തിയോട്ട ബാലകന്മാര്‍ക്ക് കോതുവെട്ട് ഉള്‍പ്പെടെയുള്ള ചടങ്ങുകളും നടന്നു. ഇന്ന് രാവിലെ ഘോഷയാത്രയായി ദേവസ്ഥാനങ്ങളില്‍ എത്തി ചൂരല്‍ മുറിഞ്ഞ ശേഷം നൂല് ഊരി ദേവിയ്ക്ക് സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ടച്ചടങ്ങുകള്‍ പൂര്‍ത്തിയാകും. വൈകിട്ട് നാലു മുതല്‍ കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. 13 കരകളില്‍ നിന്ന് ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്രാ, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്ക്കാവ് എന്നീ ക്രമത്തിലാണ് കെട്ടുകാഴ്ചകള്‍ ദേവീദര്‍ശനം നടത്തി കാഴ്ചക്കണ്ടത്തിലേക്ക് ഇറങ്ങുന്നത്. കെട്ടുകാഴ്ചകള്‍ ഇറങ്ങിയ ശേഷം കുംഭഭരണി സമ്മേളനം നടക്കും.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കഥകളി. പുലര്‍ച്ചെ നാലിന് കെട്ടുകാഴ്ചകള്‍ക്ക് മുന്നില്‍ അനുഗ്രഹം നല്‍കാനായി ഭഗവതിയുടെ എഴുന്നള്ളത്ത് നടക്കും. ഇതോടെ ഭരണി ചടങ്ങുകള്‍ പൂര്‍ത്തിയാകും.