സൗദിയില്‍ തട്ടിപ്പുനടത്തി മലയാളികള്‍ മുങ്ങി; ഈജിപ്‌തുകാരന്‍ നീതിതേടി കേരളത്തില്‍

0

കൊല്ലം: സൗദി അറേബ്യയില്‍ തട്ടിപ്പുനടത്തി മുങ്ങിയ മലയാളികളില്‍നിന്നു പണം തിരിച്ചുവാങ്ങാന്‍ ഈജിപ്‌ത്‌ പൗരന്‍ കേരളത്തില്‍. തട്ടിപ്പുനടത്തിയരെ കണ്ടെത്തിയെങ്കിലും അവര്‍ പണം നല്‍കാന്‍ തയാറാകാത്തതിനാല്‍ നീതിതേടി അലയുകയാണ്‌ സൗദിയിലെ അബുയാസിര്‍ സെന്റര്‍ എന്ന സ്‌ഥാപനത്തിലെ എക്‌സിക്യൂട്ടീവായ ഹസാം മുഹമ്മദ്‌.

പണം ലഭിക്കാതെ സൗദിയിലേക്കു തിരിച്ചുപോകാന്‍ കഴിയില്ലെന്നും തന്റെ ഭാര്യയും പറക്കമുറ്റാത്ത പെണ്‍മക്കളും സൗദിയില്‍ ഒറ്റയ്‌ക്കാണെന്നും ഹിസാം പത്രസമ്മേളനത്തില്‍ പറഞ്ഞു.

സൗദി അറേബ്യയിലെ അല്‍ ഖുറൈത്തില്‍ റുവാന്‍ ഇലക്‌ട്രോണിക്‌സ്‌ എന്ന സ്‌ഥാപനം നടത്തിവന്ന കരുനാഗപ്പള്ളി തൊടിയൂര്‍ നോര്‍ത്തില്‍ തൈക്കൂട്ടത്തില്‍ തെക്കതില്‍ സിറാജുദ്ദീന്‍ പങ്കുകച്ചവടക്കാരന്‍ തിരുവനന്തപുരം പോത്തന്‍കോട്‌ സ്വദേശി ഷിബു, സെയ്‌റുദ്ദീന്‍ എന്നിവരാണു സാമ്പത്തികത്തട്ടിപ്പു നടത്തി മുങ്ങിയതെന്നു ഹസാം പറഞ്ഞു.

സിറാജുദീനും ഷിബുവും ഹസാം മുഹമ്മദ്‌ മുഖേന ഇലക്‌ട്രോണിക്‌സ്‌ സാധനങ്ങള്‍ വാങ്ങിയിരുന്നു. ഇതിന്റെ വിലയായ 14,5568 റിയാല്‍(24,74,656 രൂപ) 2017 ഒകേ്‌ടാബര്‍ 29നു നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു രേഖയെഴുതി നല്‍കിയശേഷം ഇരുവരും പണം നല്‍കാതെ കള്ള പാസ്‌പോര്‍ട്ടില്‍ കേരളത്തിലേക്കു കടക്കുകയായിരുന്നെന്നും ഹസാം മുഹമ്മദ്‌ പറഞ്ഞു.

കൂടാതെ സൗദിയില്‍ ലയോലി ഇലക്‌ട്രോണിക്‌സ്‌ എന്ന സ്‌ഥാപനം നടത്തിയിരുന്ന സെയ്‌റുദ്ദീന്‍ മൈത്തിനി(ഇര്‍ഷാദ്‌) 14,1921 റിയാല്‍ (24,12,657 രൂപ) ഈ സ്‌ഥാപനത്തില്‍നിന്നു സാമ്പത്തികതട്ടിപ്പു നടത്തി മുങ്ങുകയുംചെയ്‌തു.

സിറാജുദ്ദീന്റെ തൊടിയൂരിലുള്ള വീട്ടിലും ഷിബുവിന്റെ പോത്തന്‍കോടുള്ള വീട്ടിലും നേരിട്ടു ചെന്നെങ്കിലും പണം തിരികെ നല്‍കാമെന്നു ഉറപ്പുപറയുന്നതല്ലാതെ ഫലമുണ്ടായില്ല. സിറാജുദ്ദീനും ഷിബുവിനുമെതിരേ കൊല്ലം സിറ്റി പോലീസ്‌ കമ്മിഷണര്‍ക്ക്‌ പരാതി നല്‍കുകയും കേസ്‌ കരുനാഗപ്പള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്കു കൈമാറുകയുംചെയ്‌തു. തുടര്‍ന്ന്‌ പണം നല്‍കാനുണ്ടെന്നു പോലീസ്‌ സ്‌റ്റേഷനിലെത്തിയ പ്രതികള്‍ സമ്മതിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ലെന്നും ഹസാം പറഞ്ഞു.

സെയിറുദ്ദീന്‍ മൈതിനി(ഇര്‍ഷാദ്‌), ഷിബു എന്നിവര്‍ക്കെതിരേ തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മിഷണര്‍ക്ക്‌ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇക്കാര്യത്തില്‍ പോലീസിന്‌ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും കോടതിയെ സമീപിക്കാനുമുള്ള നിര്‍ദേശമാണ്‌ ഉദ്യോഗസ്‌ഥര്‍ നല്‍കിയത്‌.

ജോലിചെയ്യുന്ന സ്‌ഥാപനത്തില്‍ പണം അടയ്‌ക്കാത്തതിനാല്‍ തന്റെ ഭാര്യയുടെയും രണ്ടു പെണ്‍മക്കളുടെയും പാസ്‌പോര്‍ട്ട്‌ സ്‌പോണ്‍സര്‍ പിടിച്ചു വച്ചിരിക്കയാണെന്നും സൗദിയില്‍ തിരികെയെത്തിയാല്‍ ജയില്‍വാസം അനുഭവിക്കേണ്ടി വരുമെന്നും ഹസാം പറഞ്ഞു.

തട്ടിപ്പു നടത്തിയവര്‍ ഇവിടെയെത്തി പുതിയ കാറും ബൈക്കും വീടും നിര്‍മിച്ച്‌ ആഡംബരജീവിതം നയിച്ചുവരികയാണെന്നും ഇത്രയും വലിയ തുക ഒറ്റയ്‌ക്ക്‌ ഉണ്ടാക്കാന്‍ തനിക്കു കഴിയില്ലെന്നും ഹസാം പറഞ്ഞു. കേരളത്തില്‍നിന്നു നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണു ഹസാം.

Leave A Reply

Your email address will not be published.