ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ : ഗോവയെ ഡല്‍ഹി തളച്ചു
ഫട്ടോര്‍ദ: കേരളാ ബ്ലാസ്റ്റേഴ്സിനു വീണ്ടും പ്രതീക്ഷകള്‍ സമ്മാനിച്ച് എഫ്.സി. ഗോവയെ ഡല്‍ഹി ഡൈനാമോസ് തളച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ സീസണ് നാലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഗോവയ്ക്കെതിരേ അവരുടെ തട്ടകത്തില്‍ 1-1 എന്ന നിലയിലാണ് ഡല്‍ഹി സമനില സമ്പാദിച്ചത്.
പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമെന്ന നിലയിലാണ് ഗോവ കളിക്കാനിറങ്ങിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 53-ാം മിനിറ്റില്‍ ബൗമൗസിലൂടെ ഗോവ ലീഡ് നേടി. എന്നാല്‍ 81-ാം മിനിറ്റില്‍ നൈജീരിയന്‍ താരം കാലു ഉച്ചെയുടെ ഗോളിലൂടെ ഡല്‍ഹി ഒപ്പമെത്തുകയായിരുന്നു.
അവസാന മിനിറ്റുകളില്‍ വിജയഗോളിനായി ഗോവന്‍ താരങ്ങള്‍ പൊരുതിക്കളിച്ചെങ്കിലും പ്രതിരോധം ശക്തമാക്കി ഡല്‍ഹി വഴിയടച്ചു. സമനിലയോടെ ഗോവയുടെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലായി. 15 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റു മാത്രമാണ് അവര്‍ക്കുള്ളത്.