മക്കള്‍ നീതി മയ്യം; വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കി കമലിന്റെ പാര്‍ട്ടി പ്രഖ്യാപനം
രാമേശ്വരം: രാഷ്ര്ടീയ രംഗത്തിറങ്ങുന്നുവെന്ന കമലിന്റെ പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യമായി. മധുരയിലെത്തിയ വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് കമല്‍ രാഷ്ര്ടീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. മക്കള്‍ നീതി മയ്യം എന്നാണ് കമലിന്റെ പാര്‍ട്ടിയുടെ പേര്.
പാര്‍ട്ടിയുടെ പേരിനൊപ്പം ചിഹ്നവും പതാകയും പുറത്തിറക്കി. തമിഴകത്തെ രാഷ്ര്ടീയ മാറ്റമാണ് തന്റെ ലക്ഷ്യമെന്ന് കമല്‍ പ്രഖ്യാപിച്ചു. ഒരു നാള് കൊണ്ടാട്ടമല്ലെന്നും അദ്ദേഹം വിവരിച്ചു. താന്‍ നേതാവല്ലെന്നും ജനങ്ങളില്‍ ഒരാള്‍ മാത്രമാണെന്നും കമല്‍ വ്യക്തമാക്കി.
രാവിലെ 7.45 ന് രാമേശ്വരത്ത് മുന്‍ രാഷ്ര്ടപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ വീട്ടിലെത്തിയ ശേഷമാണ് കമല്‍ ഹാസന് പാര്‍ട്ടി പ്രഖ്യാപനത്തിന്റെ ഭാഗമായ സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ചത്.
രജനീകാന്തിന് മുന്‍പേ രാഷ്ര്ടീയപ്രഖ്യാപനം നടത്തി വേറിട്ട രാഷ്ര്ടീയശൈലിയും നിലപാടുകളും വ്യക്തമാക്കാനാണ് കമലിന്റെ ശ്രമം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കം നിരവധിപേര്‍ കമലിന്റെ രാഷ്ര്ടീയ പ്രഖ്യാപനത്തിന് സാക്ഷികളായി. മഹത്തായ കാര്യങ്ങള്‍ക്ക് ലളിതമായ തുടക്കമാണുണ്ടാകാറുള്ളതെന്ന് കമല്‍ ട്വിറ്ററില്‍ കുറിച്ചു.
ലളിതജീവിതം നയിച്ച ഒരു മഹാന്റെ വസതിയില്‍ നിന്നു യാത്ര തുടങ്ങാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘കലാമിന്റെ വസതി സന്ദര്‍ശിച്ചതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ല. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ഏറെ ഇഷ്ടമാണ്. എളിമയേറിയ ജീവിതസാഹചര്യങ്ങളില്‍ നിന്നാണു കലാമിന്റെ വരവ്. ആ എളിമ ജീവിതത്തിലുമുണ്ട്. അത് ഇഷ്ടപ്പെടുന്നതു കൊണ്ടാണ് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നു തന്നെ യാത്ര ആരംഭിച്ചത്.
എന്നാല്‍ അബ്ദുല്‍ കലാം പഠിച്ച സ്കൂളില്‍ സന്ദര്‍ശനം നടത്താനും കമലിനു താത്പര്യമുണ്ടായിരുന്നു. വിദ്യാലയത്തില്‍ രാഷ്ട്രീയം വിലക്കി അധികൃതര്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. നിങ്ങള്‍ക്കെന്നെ പള്ളിക്കൂടത്തില്‍ പോകുന്നതില്‍ നിന്നു വിലക്കാം, പക്ഷേ പാഠം പഠിക്കുന്നതില്‍ നിന്നു തടയാനാകില്ലെന്നായിരുന്നു ഇതിനോട് കമല്‍ പ്രതികരിച്ചത്. രാഷ്ട്രീയത്തില്‍ തന്റെ ആശയം എന്താണെന്നതു പ്രസക്തമല്ല. വിശക്കുമ്പോള്‍ ഭക്ഷണം പോലെ അവശ്യസമയത്ത് കൃത്യമായ ആശയങ്ങള്‍ സ്വീകരിക്കും.
നടന്മാര് എന്തിനാണു രാഷ്ട്രീയത്തിലേക്കു വരുന്നതെന്നാണ് എല്ലാവരും ചോദിക്കുന്നത്. നേരത്തേ ഇത്തരത്തില്‍ രാഷ്ട്രീയത്തിലേക്കു വന്നിരുന്നത് അഭിഭാഷകരായിരുന്നു. ഗാന്ധിജിയും അംബേദ്കറുമെല്ലാം അങ്ങനെ വന്നതാണ്. അവരോടൊന്നും പക്ഷേ ആരും എന്തുകൊണ്ടു രാഷ്ട്രീയത്തിലേക്കെന്നു ചോദിച്ചില്ല. നടന്മാരുടെ വരവും അങ്ങനെ കണ്ടാല്‍ മതി. എല്ലാവരും രാഷ്ട്രീയത്തിലേക്കിറങ്ങണമെന്നാണു തന്റെ അഭിപ്രായമെന്നും കമല്‍ പറഞ്ഞു.