രോഗപരിശോധനയ്ക്കു സെന്‍സര്‍; കണ്ടുപിടിത്തത്തിനു പിന്നില്‍ ഇന്ത്യന്‍ വംശജനും
ലണ്ടന്‍: വിയര്പ്പുതുള്ളിയില്നിന്നു സെന്‍സറിലൂടെ പ്രമേഹം അടക്കമുള്ള രോഗങ്ങളുടെ പരിശോധന സാധ്യമാക്കുന്ന സാങ്കേതികവിദ്യയായി. രക്തമെടുത്തുള്ള പരിശോധനയ്ക്കു പകരം സെന്‍സര്‍ ധരിച്ചു രോഗം അളക്കാനുള്ള വിദ്യ കണ്ടുപിടിച്ചത് ഇന്ത്യന്‍ വംശജന് പ്രഫ. രവീന്ദര്‍ ദാഹിയ നയിക്കുന്ന ഗവേഷകസംഘം.
വിയര്‍പ്പില്‍നിന്ന് പി.എച്ച്. ലെവല്‍ അടക്കം അളക്കാനുള്ള സെന്‍സറുകളാണ് തന്റെ സംഘം കണ്ടെത്തിയതെന്ന് ഗ്ലാസ്ഗോ സര്‍വകലാശാലയില്‍ ഗവേഷകനായ രവീന്ദര്‍ പറയുന്നു. വലിച്ചുനീട്ടാവുന്ന വയര്‍ലെസ് സെന്സറുകളാണിവയെന്നും സര്‍വകലാശാലാ സ്കൂള്‍ ഓഫ് എന്ജിനീയറങ്ങിനു കീഴിലുള്ള ബെന്‍ഡബിള്‍ ഇലക്ട്രേണിക്സ് ആന്‍സ് സെന്‍സിങ് (ബെസ്റ്റ്) വിഭാഗത്തിന്റെ മേധാവി കൂടിയായ രവീന്ദറുടെ വാക്കുകള്‍. രക്തത്തിലെന്ന പോലെ വിയര്‍പ്പിലും രാസകണങ്ങളുണ്ട്. ഇവ സെന്‍സറിലൂടെ അളന്ന് വൃക്കരോഗങ്ങളും ക്യാന്‍സറുമടക്കം പരിശോധിക്കാവുന്നതേയുള്ളൂ. ഓരോ പരിശോധനയ്ക്കും രക്തം കുത്തിയെടുക്കേടുക്കേണ്ട എന്നതാണ് വലിയ ആശ്വാസം. ഇപ്പോള്‍ പി.എച്ച് ലെവല്‍ അളക്കാനുള്ള സെന്‍സറുകള്‍ മാത്രമാണ് ഇറക്കിയത്. ഗവേഷണം തുടരുകയാണ്. ഗ്ലൂക്കോസും അമോണിയയും യൂറിയയും എന്നുവേണ്ട ഒട്ടുമിക്ക ഘടകങ്ങളും പരിശോധിക്കാവുന്ന സെന്‍സറുകള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിപണിയില്‍ ഇറക്കാമെന്നാണു പ്രതീക്ഷയെന്നും രവീന്ദര്‍ പറഞ്ഞു.
വയര്‍ലെസ് സെന്‍സറുകളില്‍നിന്നു ബ്ലൂടൂത്ത് വഴിയാണു വിവരങ്ങള്‍ ലഭ്യമാക്കുന്നത്. ഏറെ ഊര്‍ജം ആവശ്യമാണെന്നതിനാല്‍ കൂടെക്കൂടെ സെന്‍സറുകള്‍ ചാര്‍ജ് ചെയ്യേണ്ടിവരുന്നു എന്നതാണ് ന്യൂനത.