പി.എന്‍.ബി, റോട്ടോമാക് തട്ടിപ്പ് : സര്‍ക്കാരിനു നഷ്ടം 30,000 കോടി
ചെന്നൈ: പഞ്ചാബ് നാഷണല്‍ ബാങ്ക്, റോട്ടോമാക് തട്ടിപ്പുകള്‍ പുറത്തുവന്നതിനേത്തുടര്‍ന്ന് പൊതുമേഖലാ ബാങ്കുകളുടെ ഓഹരിമൂല്യം ഇടിഞ്ഞതോടെ സര്‍ക്കാരിനു നഷ്ടം 30,000 കോടി രൂപ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരിമൂല്യം 10% ഇടിഞ്ഞ് 2.9 ലക്ഷം കോടിയില്‍നിന്ന് 2.6 ലക്ഷം കോടിയായി.
നാല്പതിലേറെ ബാങ്കുകളില്‍ 5-15% നിക്ഷേപമുള്ള ഇന്‍ഷുറന്‍സ് മേഖലയുടെ ഓഹരിമൂല്യം 6% ഇടിഞ്ഞ് 1.14 ലക്ഷം കോടിയിലെത്തി. പൊതുമേഖലയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് സ്ഥാപനമായ എല്‍.ഐ.സിക്കാണു കൂടുതല്‍ തിരിച്ചടി നേരിട്ടത്. പൊതുമേഖലാ ബാങ്കുകളിലെ എല്‍.ഐ.സിയുടെ ഓഹരിമൂല്യം 7% ഇടിഞ്ഞ്, 86,583 കോടിയില്‍നിന്ന് 80,590 കോടിയിലെത്തി. മ്യൂച്വല്‍ ഫണ്ട് നിക്ഷേപം 4% ഇടിഞ്ഞ് 1.75 ലക്ഷം കോടിയായി.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ മാത്രം സര്‍ക്കാരിന് 57% ഓഹരിയുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇതില്‍ 28% ഇടിവുണ്ടായി- 6247 കോടിയുടെ നഷ്ടം. പി.എന്‍.ബിയിലെ സര്‍ക്കാര്‍ നിക്ഷേപം 16,117 കോടിയിലേക്കു കൂപ്പുകുത്തി. പി.എന്‍.ബിയിലെ എല്‍.ഐ.സിയുടെ ഓഹരിമൂല്യം 5464 കോടി രൂപയില്‍നിന്ന് 3938 കോടിയായി ഇടിഞ്ഞു. നീരവ് മോഡി തട്ടിപ്പ് കഴിഞ്ഞ 13-നു പുറത്തുവന്നതിനേത്തുടര്‍ന്ന് പി.എന്‍.ബിക്കു പുറമേ എസ്.ബി.ഐ, യുകോ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, ഐ.ഡി.ബി.ഐ. ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെയും ഓഹരിമൂല്യം ഇടിഞ്ഞിരുന്നു.
റോട്ടോമാക് തട്ടിപ്പ് പുറത്തുവന്നതോടെ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് എന്നിവയേയും ബാധിച്ചു. രണ്ടു തട്ടിപ്പുകളും പുറത്തുവന്നതോടെ എസ്.ബി.ഐയില്‍ സര്‍ക്കാരിന്റെ ഓഹരിനിക്ഷേപമൂല്യം 7% ഇടിഞ്ഞ് 1.31 ലക്ഷം കോടിയിലെത്തി. എസ്.ബി.ഐയില്‍ സര്‍ക്കാരിന് 57% ഓഹരിയാണുള്ളത്.