രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം ജാക്കിചാനും: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

0

മലയാളി ആരാധകര്‍ ഒന്നാകെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം രണ്ടാമൂഴത്തിന്റെ താരനിര്‍ണ്ണയം അവസാന ഘട്ടത്തിലേയ്ക്ക്. ഒടിയന് ശേഷം ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് രണ്ടാമൂഴവും ഒരുക്കുന്നത്. അജയ് ദേവഗണ്‍, നാഗാര്‍ജുന, മഹേഷ് ബാബു തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തില്‍ ജാക്കിചാനും ഉണ്ടാവുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചനകള്‍. ഭീമന് ഗറില്ലാ തന്ത്രങ്ങള്‍ ഉപദേശിക്കാനെത്തുന്ന നാഗരാജാവായാണ് ജാക്കിചാന്‍ എത്തുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.

ചിത്രത്തിലെ യുദ്ധരംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് റിച്ചാര്‍ഡ് റയോണാണെന്നും വാര്‍ത്തയുണ്ട്. സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയിനാണ്. 100 ഏക്കറോളം സ്ഥലമാണ് രണ്ടാമൂഴം ചിത്രീകരിക്കാന്‍ ആവശ്യമായിട്ടുള്ളത്. എറണാകുളം ജില്ലയിലെ സ്ഥലങ്ങളോ കോയമ്പത്തൂരിലെ സ്ഥലങ്ങളോ ആണ് പരിഗണനയിലുള്ളത്. ചിത്രീകരണത്തിനു ശേഷം ഈ സ്ഥലം ‘മഹാഭാരത സിറ്റി’ എന്ന പേരില്‍ മ്യൂസിയമാക്കും.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രികരിക്കുന്ന രണ്ടാമൂഴം പിന്നീട് ലോകത്തെ പ്രധാന ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടും. ഒടിയനില്‍ മെലിഞ്ഞ മോഹന്‍ലാല്‍ ഭീമന്‍ ആവുമ്പോള്‍ ശാരീരികമായി വിണ്ടും തടിക്കണം എന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍പ് പ്രതികരിച്ചിരുന്നു. ജനുവരിയില്‍ സിനിമ ചിത്രീകരണം ആരംഭിക്കാനായി തിരക്കിട്ടാണ് പാലക്കാട് ആസ്ഥാനമായി ഇപ്പോള്‍ പോസ്റ്റ് പ്രോഡക്ഷന്‍ ജോലികള്‍ നടക്കുന്നത്.

Leave A Reply

Your email address will not be published.