ഐ.എസ്.എല്ലില്‍ ഇന്ന് ബ്ലാസ്റ്റേഴ്സ് – ചെന്നൈയിന് പോരാട്ടം
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ സീസണ് നാലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ചെന്നൈയിന് എഫ്.സിക്കെതിരേ രാത്രി എട്ട് മുതല്‍ നടക്കുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് 1 ലും ഏഷ്യാനെറ്റ് മൂവീസിലും തത്സമയം കാണാം.
ചെന്നൈയിനെ തോല്‍പ്പിച്ചാല്‍ ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷകള്‍ സജീവമാകും. തോറ്റാല്‍ കലിപ്പടക്കി കപ്പടിക്കാന്‍ അടുത്ത സീസണ് വരെ കാത്തിരിക്കണം. ബ്ലാസ്റ്റേഴ്സിനു വെറുതേ ജയിച്ചാല്‍ മാത്രം, പോരാ ജംഷഡ്പൂര്‍, ഗോവ ടീമുകള്‍ ഇനിയുള്ള മത്സരങ്ങളില്‍ തോല്ക്കാന് കാത്തിരിക്കുകയും വേണം. ബ്ലാസ്റ്റേഴ്സിന് ഇന്നത്തേതുള്‍പ്പെടെ രണ്ട് കളികളും ജയിക്കുകയും വേണം. കേരളാ ടീമിന്റെ അവസാന മത്സരംമാര്ച്ച് ഒന്നിന് ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ബംഗളുരു സിറ്റിഎഫ്സിക്കെതിരേയാണ്. ബ്ലാസ്റ്റേഴ്സ് 16 കളികളില്‍നിന്ന് 24 പോയിന്റുമായിഅഞ്ചാമതും ജംഷഡ്പൂര്‍ എഫ്.സി 26 പോയിന്റുമായി നാലാം സ്ഥാനത്തുമാണ്. ഇനിയുള്ള രണ്ട് കളികളും ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് 30 പോയിന്റാകും. ജംഷഡ്പൂര്‍ ഇനിയുള്ള കളികള്‍ ജയിച്ചാല്‍ 32 പോയിന്റുമായി സെമിയിലെത്തും. ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ ശരാശരിയും മികച്ചതല്ല. 20ഗോളുകള്‍ അടിക്കുകയും വഴങ്ങുകയും ചെയ്ത ടീമാണ്. ബ്ലാസ്റ്റേഴ്സിന് ഭീഷണി ഉയര്‍ത്തുന്ന മറ്റൊരു ടീം എഫ്.സി. ഗോവയാണ്. 15കളികളില്‍നിന്ന് 21 പോയിന്റുമായി ഗോവ ആറാമതാണ്. ജംഷഡ്പൂര്‍,ഗോവ ടീമുകളുടെ പരാജയത്തിനാണു ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രാര്‍ഥന. 25 നു പുനെ സിറ്റിയാണ് ഗോവയുടെ എതിരാളികള്‍. അന്ന് ജംഷഡ്പൂര്‍ ബംഗളുരുവുമായും ഏറ്റുമുട്ടും. ഗോവയുടെ മറ്റ് മത്സരങ്ങള്‍ 28 ന്
അമാര്‍ തുമാര്‍ കൊല്‍ക്കത്തയുമായും മാര്‍ച്ച് നാലിന് ജംഷഡ്പൂരിനെതിരേയുമാണ്.സീസണിന്റെ ആദ്യപകുതിയില്‍ റെനെ മ്യൂലെന്സ്റ്റീന് കീഴില്‍ ഏറെ നിരാശപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് പുതിയ കോച്ച് ഡേവിഡ് ജെയിംസിന്റെ പരിശീലനത്തിലാണു തിരിച്ചുവന്നത്. 16 കളികളില്‍നിന്നു 34 പോയിന്റുമായി ബെംഗളൂരു മാത്രമാണ് സെമി ഫൈനല്‍ ഉറപ്പിച്ചത്. 29 പോയിന്റുള്ള പുനെ സിറ്റിയും 28 പോയിന്റുള്ള ചെന്നൈയിന് എഫ്സിയും സെമിക്കടുത്താണ്. ഇന്ന് കേരളബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചാല്‍ ചെന്നൈയിനും അവസാന നാലിലൊന്നാവും. നോര്‍ത്ത് ഈസ്റ്റിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. അവസാന അഞ്ച് മത്സരങ്ങളില്‍ ഒരു തോല്‍വിയും മൂന്ന് ജയവും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന് നേടാന്‍ കഴിഞ്ഞത്.
എടികെയ്ക്കെതിരേ സമനില വഴങ്ങിയതും എഫ്സി ഗോവക്കെതിരെ തോറ്റതുമാണ് ബ്ലാസ്റ്റേഴ്സിന്റെ നോക്കൗട്ട് സാധ്യത ത്രിശങ്കുവിലാക്കിയത്. ഡിസംബര്‍ 22 ന് നടന്ന മത്സരത്തില്‍ ചെന്നൈയിനെ അവരുടെ തട്ടകത്തില്‍ ചെന്ന് 1-1 നു സമനിലയില്‍ പിടിച്ചുകെട്ടാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.
സമീപകാലത്തെ മികച്ച പ്രകടനവും ചെന്നൈയിനെതിരായ എവേ മത്സരത്തിലെ സമനിലയും ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് ഉറപ്പ്. കഴിഞ്ഞ മത്സരത്തില്‍നിന്ന് ഏറെ മാറ്റമൊന്നും പ്രതീക്ഷിക്കണ്ട. പ്ലേ മേക്കറുടെ റോളില്‍ പുള്‍ഗ ആദ്യ ഇലവനില്‍ ഇറങ്ങാനാണു സാധ്യത. കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി കളത്തിലെത്തിയ സൂപ്പര്‍താരം ദിമിത്രി ബെര്‍ബറ്റോവ് ഇന്നും പകരക്കാരുടെ സ്ഥിതി തുടരാനാണു സാധ്യത. മറിച്ച് ബര്ബയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഐസ്ലന്ഡ് താരം ഗുഡ്ജോണ്‍ ബ്ലാഡ്വിന്സണ്സൈഡ്ബെഞ്ചിലേക്കു മാറും.
ഇയാന്‍ ഹ്യൂമിന്റെ അഭാവം ബ്ലാസ്റ്റേഴ്സ് നിരയില്‍ നിഴലിക്കുമെന്ന് ഉറപ്പ്. എങ്കിലും ടീം പ്രതീക്ഷയിലാണ്, ചെന്നൈയിന്റെ ദുര്‍ബലമായ പ്രതിരോധം തകര്‍ത്ത് വിനീതും ബെര്‍ബയും ഗുഡ്ജോണും ജിങ്കാനും ഉള്‍പ്പെട്ട ടീം നിര്‍ണ്ണായക മത്സരത്തില്‍ വിജയം കൊണ്ടുവരുമെന്ന്. ചെന്നൈയിന് അവസാന അഞ്ച് കളികളില്‍ രണ്ട് വീതം ജയവും സമനിലയും ഒരു തോല്വിയമാണ് നേടിയത്. അവസാന മത്സരത്തില്‍ ജംഷഡ്പൂരിനെതിരെ 1-1ന് സമനില പാലിച്ചു. ഇന്ത്യന്‍ സ്െ്രെടക്കര്‍ ജെജെ ലാല്‍പെഖുലയാണ് ചെന്നൈയിന്റെ കുന്തമുന. റാഫേല്‍ അഗസ്റ്റൂസോ, മെയില്‍സണ്‍ ആല്‍വസ്, ഹെന്റിക് സെറേനോ, ഇനിഗോ കാള്‍ഡണ്‍, ഫ്രാന്‍സിസ്കോ ഫെര്‍ണാണ്ടസ് എന്നിവരിലാണ് ചെന്നൈയിന്റെ പ്രതീക്ഷ. ചെന്നൈയിന് ഈ കളി തോറ്റാലും പ്രശ്നമില്ല. അവസാന നാലു ടീമുകളില്‍ ഒന്നായി അവര്‍ അപ്പോഴും നില്ക്കും. ഇപ്പോഴത്തെ നിലയില്‍ അവര്‍ക്ക് സെമി ഫൈനല്‍ ഉറപ്പിക്കാനും കഴിയില്ല. അതിനാല്‍ ജയം അവര്‍ക്കും അത്യാവശ്യം തന്നെ. രണ്ട് ടീമുകള്‍ക്കും ബാക്കിയുള്ളത് രണ്ട് കളികള്‍ വീതമാണ്.
‘അവസാന നാലു മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് പോയിന്റ് പട്ടികയില്‍ നല്ല സ്ഥാനത്തെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ടീം നല്ല നിലയിലാണ്. ഞങ്ങളുടെ ജോലിയിലുള്ള ആത്മാര്‍ത്ഥത കൊണ്ടാണ് ടീമിന് ഈ നിലയില്‍ എത്താന്‍ കഴിഞ്ഞത്. നാലഞ്ചു ദിവസത്തെ വിശ്രമത്തിന് ശേഷമാണ് ഞങ്ങള്‍ ഇവിടെയെത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ടീം നല്ല ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണ കേരളത്തെ നേരിടുമ്പോള്‍ അവര്‍ മോശം അവസ്ഥയിലാണ്. എന്നാല്‍ ഇപ്പോള്‍ പുതിയ കോച്ചിന് (ഡേവിഡ് ജെയിംസ്) കീഴില്‍ അവര്‍ ആകെ മാറിയിരിക്കുന്നു’- ചെന്നൈയിന് കോച്ച് ജോണ്‍ ഗ്രിഗറി പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ് ആത്മവിശ്വാസത്തിലാണ്. ‘കേരളത്തിന്റെ കോച്ചായ ആദ്യ ദിവസം മുതല്‍ തന്നെ എല്ലാവരുടേയും സഹകരണം ലഭിച്ചു.ക്ല ബിന്റെ നേട്ടത്തില്‍ കളിക്കാര്‍ക്കും കോച്ചിനും പുറമെ എല്ലാവരും ഒന്നായി പ്രവര്‍ത്തിച്ചു. അതാണ് ആത്മവിശ്വാസം വര്‍ധിപ്പിച്ചതും. ചെന്നൈയുമായുള്ള മത്സരം വീര്യം കൂടിയ ഒന്നായിരിക്കും. രണ്ട് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്റ് ഞങ്ങള്‍ക്ക് വേണം’- അദ്ദേഹം പറഞ്ഞു.