മോഷണത്തിനിടെ കൂട്ടുകാരെ തിരിച്ചറിഞ്ഞതോടെ ജാനകിയുടെ കഴുത്തില്‍ വെട്ടിയത് അരുണ്‍; പ്രതിയെ പ്രവാസികള്‍ ഗള്‍ഫില്‍ പിടികൂടി നാട്ടിലേക്ക് കയറ്റിവിട്ടു

0

കാഞ്ഞങ്ങാട്: അധ്യാപിക ജാനകിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ അരുണിനെ (28) പ്രവാസികള്‍ പിടികൂടി ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് കയറ്റിവിട്ടു. പ്രതിയെ കോഴിക്കോട് വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രവാസികളുമായി പോലീസും ബന്ധപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് െവെകിട്ട് നാലുമണിയോടെ അബൂദാബിയില്‍ നിന്നും അരുണിനെ വിമാനമാര്‍ഗം കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് കയറ്റിവിട്ടത്.

കേസിലെ മറ്റു പ്രതികളായ പുലിയന്നൂര്‍ ചീര്‍ക്കുളം സ്വദേശികളായ റിനേഷ് (27), വിശാഖ് (28) എന്നിവരെ പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച രാത്രി ഒമ്പതോടെയാണു അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലയ്ക്കു ശേഷം കഴിഞ്ഞ നാലിനാണു അരുണ്‍ ഗള്‍ഫിലേക്ക് കടന്നത്. പ്രമാദമായ പുലിയന്നൂരിലെ റിട്ട: അധ്യാപിക ജാനകി കൊല്ലപ്പെട്ട കേസില്‍ കൊലപാതകത്തിലേക്ക് നയിച്ചത് സംഭവത്തിനിടെ പ്രതികളെ ജാനകി തിരിച്ചറിഞ്ഞിരുന്നു. രാത്രിയുടെ ഇരുട്ടില്‍ സ്വര്‍ണ്ണാഭരണങ്ങളും 60,000 രൂപയും കവര്‍ച്ച നടത്തി മുങ്ങാനായിരുന്നു ഉദ്ദേശമെങ്കിലും മകനേ, നീയും ഇവരുടെ കൂട്ടത്തിലുണ്ടോയെന്ന് അദ്ധ്യാപിക ചോദിച്ചു.

ജാനകി കൂട്ടുകാരെ തിരിച്ചറിഞ്ഞതോടെ അരുണ്‍ കഴുത്തിനു വെട്ടി കൊലപ്പെടുത്തുകയും ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്ററെ വെട്ടിപ്പരിക്കേല്‍പിച്ചു രക്ഷപ്പെടുകയുമായിരുന്നു. പരുക്കേറ്റ കൃഷ്ണന്‍ മാസ്റ്റര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തുമ്പോഴേക്കും ജാനകി രക്തം വാര്‍ന്ന് മരിച്ചിരുന്നു. പരുക്കേറ്റ കൃഷ്ണന്‍ മാസ്റ്ററെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.കേസില്‍ അറസ്റ്റിലായ റനീഷിനെയും വിശാഖിനെയും ജാനകി ചെറിയ €ാസുകളില്‍ പഠിപ്പിച്ചിരുന്നു.

മോഷ്ടാക്കളെ ആദ്യാക്ഷരം പഠിപ്പിച്ച അദ്ധ്യാപികയിലൂടെ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ജാനകിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലില്‍ പ്രതികള്‍ കൊലക്കുറ്റം സമ്മതിച്ചു. തനിച്ചു താമസിക്കുന്ന വൃദ്ധദമ്പതികളുടെ പക്കല്‍ നിന്നും സ്വര്‍ണവും പണവും കൊള്ളയടിക്കുക എന്നതു മാത്രമായിരുന്നു പ്രതികളുടെ ഉദ്ദേശം. അര്‍ദ്ധരാത്രിയില്‍ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറിയ മുഖംമൂടി സംലം ജാനകിയേയും ഭര്‍ത്താവിനെയും ബന്ധിക്കുകയായിരുന്നു. പണവും സ്വര്‍ണ്ണവും കവര്‍ന്ന് പോകുമ്പോഴായിരുന്നു ജാനകി തന്റെ വിദ്യാര്‍ത്ഥികളായിരുന്ന പ്രതികളെ കണ്ടുപിടിച്ചത്. ഇതോടെ ജാനകിയുടെയും ഭര്‍ത്താവ് കൃഷ്ണന്റെയും കഴുത്തറുത്ത് പ്രതികള്‍ രക്ഷപ്പെട്ടു. ജാനകി സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചപ്പോള്‍ കൃഷ്ണന്‍ നീണ്ട ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി.

നാട്ടുകാരായ ആരെങ്കിലും കൊലയ്ക്കു ശേഷം ബാങ്കുകളില്‍ സ്വര്‍ണം പണയം വെച്ചിട്ടുണ്ടോ എന്ന് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലെത്താന്‍ സഹായിച്ചത്. കൊലചെയ്യപ്പെട്ടതിനു ശേഷം ജാനകിയുടെ ദേഹത്തു നിന്നും കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ ബാങ്കില്‍ നിന്നും പോലീസ് കണ്ടെടുത്തു. പ്രതികളില്‍ ഒരാളായ വൈശാഖിന്റെ പിതാവാണ് പ്രതികളിലേക്ക് വെളിച്ചം വീശിയത്. മോഷണത്തിന് ശേഷം ആദ്യം കുഴിച്ചിടുകയും പിന്നീട് അതെടുത്ത് പണയം വെയ്ക്കുകയും ചെയ്തതിന്റെ പണം അയാള്‍ വീട്ടില്‍ സൂക്ഷിച്ചു. ഇത്രയും പണം എങ്ങിനെ ലഭിച്ചുവെന്ന വൈശാഖിന്റെ പിതാവിന്റെ അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്.

മഹാരാഷ്ട്രയിലെ സാഗ്‌ളി വരെ പോലീസ് പ്രതിയെ തെരഞ്ഞു പോകുകയും ചെയ്തു. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും രാജസ്ഥാനിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് വരെ ഇല്ലാത്ത കൊലപാതകിയെ തേടി പോലീസ് നടന്നു. ബംഗാളില്‍ നിന്നും വന്ന ക്വട്ടേഷന്‍ കാരാണെന്ന് വരെ സംസാരം ഉണ്ടായി. ഒടുവില്‍ തങ്ങളുടെ കൂട്ടത്തില്‍ നടന്നവരായിരുന്നു പ്രതികള്‍ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ നാട്ടുകാര്‍ ഒന്നടങ്കം ഞെട്ടി. പത്തു ദിവസം മുമ്പും മോഷ്ടാക്കള്‍ കൃത്യം ആസൂത്രണം ചെയ്‌തെങ്കിലും ആളനക്കം കണ്ട് പിന്മാറി. രണ്ടാം തവണ കൂടുതല്‍ കരുതലോടെ നീങ്ങുകയായിരുന്നു. തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവം നടക്കുന്ന സമയം നോക്കിയായിരുന്നു മോഷണവും കൊലയും നടത്തിയത്.

Leave A Reply

Your email address will not be published.