ഇടതുമുന്നണിയില്‍ കേരളാ കോണ്‍ഗ്രസ് വേണോ സിപിഐ വേണോ ? ; മാണിയും കാനവും ഇന്ന് മുഖാമുഖം
തൃശൂര്‍: ആദര്‍ശം വേണോ, അതോ വോട്ടു നേടി അധികാരം നിലനിര്‍ത്തണോ? ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ നിലപാടില്‍ ഇന്നു മുതല്‍ വ്യക്തത വരും. സിപിഐ യുടെ എതിര്‍പ്പ് വക വെക്കാതെ ഇടതുമുന്നണി വിശാലമാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎമ്മിന്റെ വേദിയില്‍ ഇന്ന് മുഖാമുഖം വരും.
ഇന്ന് വൈകുന്നേരം നടക്കുന്ന സെമിനാറില്‍ ഇരുവരും പങ്കെടുക്കുന്നുണ്ട്. സിപിഎം മാണിയുമായി അടുക്കുന്നെന്ന സൂചനകള്‍ നല്കുമ്പോഴും സിപിഐ മാണിയെ എല്‍ഡിഎഫില്‍ എടുക്കുന്നതില്‍ വലിയ എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്. കെ എം മാണിയെ കൊണ്ടുവരുന്നതിലൂടെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പാര്‍ട്ടി നേരിടുന്ന ബലഹീനത പരിഹരിക്കാമെന്നാണ് സിപിഎം കരുതുന്നത്. എന്നാല്‍ കഴിഞ്ഞ തവണ മാണിക്കെതിരേ ഉയര്‍ത്തിയ ധാര്‍മ്മിക പ്രശ്നങ്ങളില്‍ ഇടതു ആശയത്തിന്റെ ആദര്‍ശത്തിന് മുന്‍തൂക്കം നല്‍കണമെന്നാണ് സിപിഐ ലൈന്‍.
ഇടതുസഖ്യം വിപുലപ്പെടുത്തണമെന്ന ആശയം ഇന്നലെ പൊതു ചര്‍ച്ചയില്‍ സജീവായിരുന്നു. എന്നാല്‍ സിപിഐ നേരത്തേ മന്ത്രിസഭായോഗം ബഹിഷ്ക്കരിച്ചത് എതിരാളികള്‍ക്ക് ആയുധമായി മാറിയെന്ന വിലയിരുത്തലുകളും ഉണ്ടായി. ഇതിന് പിന്നാലെ വിഎസ് ഉള്‍പ്പെടെയുള്ളവരെ പുകഴ്ത്തി കെ എം മാണി രംഗത്ത് വന്നതിന് പിന്നാലെ മാര്‍ച്ച് 1 ന് ആരംഭിക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍ മാണിയെ ഇടതു മുന്നണിയില്‍ സഹകരിപ്പിക്കാനാകില്ലെന്ന് സിപിഐ വ്യക്തമാക്കുകയും ചെയ്തു.
മാണിയുമായുള്ള കൂട്ടുകെട്ട് ഇടതു രാഷ്ട്രീയത്തിന്റെ ആദര്‍ശത്തിന്റെ അടിത്തറ തന്നെ തകര്ക്കുന്നതാകുമെന്ന് സിപിഐ കരുതുന്നു. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരേ ഇടതുമുന്നണി സ്വീകരിച്ച നിലപാടുകളില്‍ മാറ്റം വരുത്താനുള്ള ഒരു സാഹചര്യവും നിലവിലില്ല. അഴിമതി ഉയര്‍ത്തിക്കാട്ടിയാണു യു.ഡി.എഫ്. ഭരണകാലത്തു മാണിയെ എതിര്‍ത്തത്. മാണിയെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കാന്‍ ന്യായമില്ലെന്നും സിപിഐ പറയുന്നു. അഴിമതിക്കാരെയും ചൂഷകരെയും എതിര്‍ത്ത് ഒറ്റപ്പെടുത്തുന്ന നിലപാടാണ് അതില്‍ പ്രധാനം- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സിപിഐ യെയും മാണിയെയും ഒപ്പം നിര്‍ത്തിക്കൊണ്ടുള്ള ഒരു സമീപനം ആഗ്രഹിക്കുന്ന സിപിഎം അതിനായി എന്തുപായം കണ്ടെത്തുമെന്നാണ് കേരളരാഷ്ട്രീയം ഉറ്റുനോക്കുന്നത്. കേരളാകോണ്‍ഗ്രസിന് വേണ്ടി സിപിഐ യുമായുള്ള ബന്ധം അറുത്തുമുറിക്കുമോ എന്നാണ് ചോദ്യം.
കേവലം നാലു ശതമാനം വോട്ടു മാത്രമുള്ള കെ എം മാണിയെ വേണോ എട്ടു ശതമാനം വോട്ടും കേരളാകോണ്ഗ്രസിനേക്കാള് എംഎല്‍എ മാരുമുള്ള സിപിഐ യെ വേണോ എന്ന കാര്യമാണ് സിപിഎമ്മിന് മുന്നില്‍. കേരളാകോണ്‍ഗ്രസിനെ കൊള്ളാന്‍ സിപിഐ യെ തള്ളിയാല്‍ മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിക്കുന്നതിനൊപ്പം കഴിഞ്ഞ തവണ പ്രതിപക്ഷത്തിരുന്നപ്പോള്‍ മാണിക്കെതിരേ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മുഴുവന്‍ മറുപടി പറയേണ്ടിയും വരും. മാര്‍ച്ച് ഒന്നിനാരംഭിക്കുന്ന പാര്‍ട്ടി സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയപ്രമേയത്തിന്റെ കരടില്‍ കെ.എം. മാണിക്കെതിരേ എല്‍.ഡി.എഫ്. നടത്തിയ സമരങ്ങള്‍ ഒന്നൊന്നായി സിപിഐ എടുത്തുപറയുന്നുണ്ട്.