ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം നോക്കൗട്ടിനരികേ

0

കോഴിക്കോട്‌: പൊരുതിക്കളിച്ച ആന്ധ്രപ്രദേശിനെ കീഴടക്കി ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തിന്റെ പുരുഷ കേസരികള്‍ നോക്കൗട്ട്‌ റൗണ്ടിനരികേ. ഉത്തര്‍പ്രദേശിനെ ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്കു പരാജയപ്പെടുത്തി കേരള വനിതകളും തുടര്‍ച്ചയായ രണ്ടാം ജയം ആഘോഷിച്ചു.

27-25, 25-23, 25-14 എന്ന സ്‌കോറിനാണു പുരുഷ വിഭാഗത്തില്‍ ആന്ധ്രാ പ്രദേശിനെ കേരളം പരാജയപ്പെടുത്തിയത്‌. മൂന്നു സെറ്റില്‍ കളിയവസാനിച്ചെങ്കിലും ഏകപക്ഷീയമായിരുന്നില്ല കാര്യങ്ങള്‍. ആദ്യ രണ്ടു സെറ്റുകളില്‍ ഒപ്പത്തിനൊപ്പം പൊരുതിയ ആന്ധ്രയ്‌ക്കു നിര്‍ണായകനിമിഷത്തിലെ ചെറിയ പിഴവുകള്‍ മൂലമാണു സെറ്റ്‌ കൈവിടേണ്ടിവന്നത്‌. മൂന്നാം സെറ്റില്‍ ആന്ധ്രയെ നിഷ്‌പ്രഭരാക്കി ജെറോമും കൂട്ടരും ഫോം തിരികെപ്പിടിച്ചു. ആദ്യ സെറ്റില്‍ 25-25 എന്ന സ്‌കോറില്‍ നില്‍ക്കെ അഖിന്റെ തുടര്‍ച്ചയായ രണ്ട്‌ എയ്‌സുകളില്‍ കേരളം സെറ്റ്‌ നേടി. രണ്ടാം സെറ്റില്‍ തുടക്കം മുതല്‍ ലീഡ്‌ കൈവിടാതെ സൂക്ഷിച്ച ആന്ധ്രയ്‌ക്ക് നിര്‍ണായകനിമിഷത്തില്‍ വീണ്ടും അടിതെറ്റി. 23-23-ല്‍ നിന്ന്‌ 25-23നു രണ്ടാം സെറ്റും കേരളത്തിന്‌. എന്നാല്‍ മൂന്നാം സെറ്റില്‍ ആന്ധ്ര താരങ്ങള്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്തിയില്ല.

ഉത്തര്‍പ്രദേശിനെതിരേ 25-14, 25-10, 25-14 എന്ന സ്‌കോറിനാണു കേരളവനിതകള്‍ ജയിച്ചുകയറിയത്‌. വെറും 49 മിനുട്ടില്‍ കളി തീര്‍ന്നു. പുരുഷ വിഭാഗത്തില്‍ ബിഹാറും ജമ്മു കാശ്‌മീരും തമ്മില്‍ നടന്ന അഞ്ച്‌ സെറ്റ്‌ പോരാട്ടം ആവേശകരമായി. വാശിയേറിയ മത്സരത്തില്‍ ജയം ബിഹാറിനൊപ്പംനിന്നു. ഇരുടീമുകളും ഒന്നിനൊന്നു മികച്ച പ്രകടനം കാഴ്‌ചവച്ചതോടെ കാണികളും ഇരുപക്ഷത്തുമായി നിലയുറപ്പിച്ചു.

ആദ്യ സെറ്റില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം മുന്നേറിയപ്പോള്‍ അവസാനം തുടര്‍ച്ചയായ പോയിന്റ്‌ നേടി ജമ്മു കാശ്‌മീര്‍ 25-23 എന്ന സ്‌കോറിനു സ്വന്തമാക്കി. രണ്ടാം സെറ്റില്‍ തിരിച്ചടിച്ച ബിഹാറിനെതിരേ ജമ്മു ഇഞ്ചോടിഞ്ചു പോരാട്ടം നടത്തിയെങ്കിലും 25-23നു സെറ്റ്‌ ബിഹാറിന്‌. അടുത്ത സെറ്റ്‌ 27-25ന്‌ സ്വന്തമാക്കിയ ജമ്മു മല്‍സരത്തില്‍ 2-1ന്റെ ലീഡ്‌ നേടി. പിടിവിടാന്‍ തയാറാവാതിരുന്ന ബീഹാര്‍ നിര്‍ണായകമായ നാലാംസെറ്റ്‌ 27-25നു ജയിച്ച്‌ മല്‍സരം സമനിലയിലെത്തിച്ചു. അവസാന സെറ്റില്‍ 15-6നു ജയിച്ച ബീഹാര്‍ മല്‍സരം 3-2നു കീശയിലാക്കി. 122 മിനിട്ട്‌ നീണ്ട മാരത്തണ്‍ പോരാട്ടത്തിലാണ്‌ ബിഹാറിന്റെ ജയം. പുരുഷവിഭാഗത്തിലെ മറ്റ്‌ മല്‍സരങ്ങളില്‍ പോണ്ടിച്ചേരി ആസാമിനെയും (സ്‌കോര്‍: 25-23,25-19,25-19) ഒഡീഷ മഹാരാഷ്‌ട്രയെയും (സ്‌കോര്‍: 25-19,25-22,25-20) ഗുജറാത്ത്‌ ഉത്തര്‍പ്രദേശിനെയും (സ്‌കോര്‍: 25-17, 26-24, 25-14) മധ്യപ്രദേശ്‌ ത്രിപുരയെയും (സ്‌കോര്‍: 25-11,25-7,25-17) പരാജയപ്പെടുത്തി.

വനിതകളില്‍ കര്‍ണാടക ബീഹാറിനെ (സ്‌കോര്‍: 25-3,25-4, 25-7) നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ ചുരുട്ടിക്കൂട്ടിയപ്പോള്‍ മിസോറാം ഉത്തരാഖണ്ഡിനെയും (25-7,25-8,25-12) നിലംപരിചാക്കി. ഗുജറാത്ത്‌ ഒഡിഷയെ 25-14,25-14,25-23 എന്ന സ്‌കോറിനും പഞ്ചാബ്‌ പോണ്ടിച്ചേരിയെ 25-13,25-18,25-14 എന്ന സ്‌കോറിനും കീഴടക്കി.

Leave A Reply

Your email address will not be published.