പി.എന്‍.ബി; അന്വേഷണം വിദേശത്തേക്കും
മുംബൈ: വജ്രവ്യാപാരി നീരവ് മോഡിയുടെ തട്ടിപ്പു സംബന്ധിച്ച അന്വേഷണം വിദേശത്തേക്കു വ്യാപിപ്പിക്കുമെന്നു സി.ബി.ഐ. ശതകോടികളുടെ വെട്ടിപ്പിനെക്കുറിച്ച് മോഡിയുടെ ആഭരണക്കമ്പനിയായ ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് വിപുല്‍ അംബാനിക്ക് അറിയാമായിരുന്നെന്നും അന്വേഷണ സംഘം.
അതേ സമയം, കേന്ദ്ര വിജിലന്‍സ് കമ്മിഷ(സി.വി.സി)ന്റെ നിര്‍ദേശത്തെ തുടര്‍ന്നു 18,000 ജീവനക്കാരെ സ്ഥലം മാറ്റിയെന്ന വാര്‍ത്ത പഞ്ചാബ് നാഷണല്‍ ബാങ്ക്(പി.എന്‍.ബി.) നിഷേധിച്ചു.
രാജ്യത്തുനിന്നു പരമാവധി തെളിവുകളും രേഖകളും ശേഖരിക്കുകയെന്നതാണു പ്രഥമദൗത്യമെന്നു സി.ബി.ഐ. കേന്ദ്രങ്ങള്‍ പറഞ്ഞു. അതിനുശേഷം അന്വേഷണം വിദേശത്തേക്കു വ്യാപിപ്പിക്കും. പ്രാഥമിക വിലയിരുത്തല്‍പ്രകാരം ഹോങ്കോങ്, ബെല്‍ജിയം, ദുബായ് എന്നിവിടങ്ങളില്‍ പരിശോധന നടത്താനാണു തീരുമാനം. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് ആലോചിക്കുന്നത്.