ടൊയോട്ട യാരിസില്‍ ഡീസല്‍ എന്‍ജിനില്ല, പകരം ഇന്ധനക്ഷമത കൂടിയ ഹൈബ്രിഡ് പതിപ്പ്

0

ഹോണ്ട സിറ്റി മാരുതി സിയാസ് ഹ്യുണ്ടേയ് വെര്‍ന തുടങ്ങി മിഡ് സൈസ് സെഗ്‌മെന്റിലെ പ്രധാനികള്‍ക്കെല്ലാം ഭീഷണിയാകാനെത്തുന്ന ടൊയോട്ട യാരിസ് ഇന്ത്യയിലെത്തുക ഡീസല്‍ എൻജിന്‍ ഇല്ലാതെയെന്ന് സൂചന. ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പൊയില്‍ അവതരിപ്പിച്ച യാരിസിന് 1.5 ലീറ്റർ പെട്രോള്‍ എന്‍ജിന്‍ മാത്രമേയുള്ളു. വിപണയിലെത്തുമ്പോള്‍ ഡീസല്‍ എന്‍ജിന്‍ നല്‍കാന്‍ സാധ്യയുണ്ടെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പെട്രോള്‍ എന്‍ജിന്‍ മാത്രമായി യാരിസ് പുറത്തിറങ്ങുമെന്നാണ് സൂചന.

ഡീസല്‍ വാഹനങ്ങളോടുള്ള പ്രിയം കുറയുന്നത് തന്നെയാണ് ടൊയോട്ടയെ ഇത് പ്രേരിപ്പിക്കുന്നത്. കൂടാതെ 2020 ല്‍ നിലവില്‍ വരുന്ന ബിഎസ്6 മാനദണ്ഡം ടൊയോട്ടയെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ടത്രേ. നിലവില്‍ ഏറ്റിയോസിലും കോറോളയിലും ഉപയോഗിക്കുന്ന 1.4 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ 2020 ല്‍ ബിഎസ് 6 ശേഷം ഇന്ത്യയില്‍ നിന്ന് പിന്‍വലിക്കാനാണ് കമ്പനിയുടെ പദ്ധതി. നിലവിലുള്ള എന്‍ജിനെ ബിഎസ് 6 ആക്കാനുള്ള ചിലവും ഡീസല്‍ വാഹനങ്ങള്‍ക്കുള്ള ജനപ്രീതി കുറയുന്നതിനാലും പുതിയ ഡീസല്‍ എന്‍ജിന്‍ പുറത്തിറക്കുന്നത് ലാഭകരമായിരിക്കില്ലെന്നാണ് കമ്പനി കരുതുന്നത്. അതുകൊണ്ട് തന്നെ ഡീസല്‍ എന്‍ജിന് പകരക്കാരനായി ഇന്ധനക്ഷമത കൂടിയ പെട്രോള്‍ ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കിയേക്കും.

ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിച്ച കാറിന് 108 ബിഎച്ച്പിയുള്ള 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനായിരുന്നു. സെഗ്‌മെന്റിലെ തന്നെ ആദ്യത്തേതെന്ന് അവകാശപ്പെടാവുന്ന 12 ഫീച്ചറുകളുമായാണ് യാരിസ് എത്തുക. ഏഴ് എയര്‍ബാഗുകള്‍, ടോപ്പ് മൗണ്ടഡ് റിയര്‍ എസി വെന്റുകളുണ്ട്, ടയര്‍ പ്രെഷര്‍ മോണിറ്റര്‍ സിസ്റ്റം, മുന്നിലെ പാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റുകള്‍, അക്വാസ്റ്റിക് ആന്‍ഡ് വൈബ്രേഷന്‍ കണ്‍ട്രോള്‍ ഗ്ലാസുകള്‍, ഹാന്‍ഡ്/എയര്‍ ജെസ്റ്റര്‍ ഓഡിയോ, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഓട്ടമാറ്റിക്ക് ഹെഡ്‌ലാംമ്പ്, ഇംപാക്റ്റ് സെന്‍സിങ് ഡോര്‍ ലോക്ക് എന്നിവ യാരിസിലുണ്ടാകും.

Leave A Reply

Your email address will not be published.