കമല്‍ ഹാസ്സന്റെ രാഷ്ട്രീയ പ്രവേശനത്തിന് ആദ്യ ആപ്പ് ഗൗതമിയുടെ വക: വേര്‍പിരിയലിന് കാരണം കമല്‍: കുറിപ്പ് ആയുധമാക്കി മറ്റ് പാര്‍ട്ടികള്‍
രാഷ്ട്രീയത്തില്‍ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ കമല്‍ ഹാസ്സന്‍ ആദ്യ തിരിച്ചടിയായി മുന്‍ ജീവിത പങ്കാളി ഗൗതമിയുടെ കുറിപ്പ്. 13 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിക്കാന്‍ കാരണം കമലാണെന്ന് കുറിപ്പിലൂടെ ഗൗതമി. ഗുരുതര ആരോപണങ്ങളാണ് കമലിനെതിരെ ആരോപിച്ചിരിക്കുന്നത്. ബിജെപിയുള്‍പ്പെടെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ കുറിപ്പ് കമലിനെതിരായ ആയുധം ആക്കിയിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടി രൂപിച്ച കമലിന് പിന്നില്‍ ഗൗതമിയുണ്ടെന്ന പ്രചരണം ഉയര്‍ന്നതോടെയാണ് ബ്ലോഗിലൂടെ ഗൗതമി പ്രതികരിച്ചത്. നിലവില്‍ കമലുമായി വ്യക്തിപരമായോ തൊഴില്‍പരമായോ യാതൊരു ബന്ധവുമില്ല. പരസ്പര ബഹുമാനവും ആത്മാര്‍ത്ഥതയും നിലനിര്‍ത്താന്‍ കഴിയാതെ വന്നതും ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ എനിക്ക് താല്പ്പര്യമില്ലാതിരുന്നതിനാലുമാണ് പിരിഞ്ഞത്.
വിവാഹം കഴിച്ചിരുന്നില്ലെങ്കിലും 13 വര്‍ഷം ഇരുവരും ഒന്നിച്ചായിരുന്നു. 2016ല്‍ വേര്പിരിഞ്ഞപ്പോള് കൂടുതല്‍ പ്രതികരിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. എഐഡിഎംകെ നേതാക്കളാണ് ഈ മാസം 21ന് കമല്‍ രൂപീകരിച്ച മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടിക്ക് പണമെത്തുന്നത് ഗൗതമി വഴിയാണെന്ന് ആരോപിച്ചത്.
കമലിനൊപ്പം ജീവിതം തുടങ്ങിയതോടെ സിനിമ അഭിനയം നിര്‍ത്തി. പിന്നീട് കമലിന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഇന്റര്‍നാഷണലിനും, അദ്ദേഹം അഭിനയിച്ച മറ്റ് പല ചിത്രങ്ങളിലും കോസ്റ്റിയം ഡിസൈനറായി ജോലി ചെയ്തു. പക്ഷേ ഇതിന്റെ പ്രതിഫലമൊന്നും ലഭിച്ചില്ല. വേര്‍പിരിഞ്ഞ ശേഷം പല തവണ തന്റെ പ്രതിഫലം ചോദിച്ചെങ്കിലും തന്നിട്ടില്ലെന്നും ഗൗതമി പറഞ്ഞു.
കമലിന്റെ മകള്‍ ശ്രുതി ഹാസ്സനാണ് വേര് പിരിയലിന് പിന്നിലെന്ന ആരോപണവും ഗൗതമി തള്ളി. ശ്രുതിയും അക്ഷരയും താന്‍ കണ്ടിട്ടുള്ളതില്‍ നല്ല പെണ്‍കുട്ടികളാണ്. അവര്‍ക്കോ മൂന്നാമത് മറ്റൊരാള്‍ക്കോ തങ്ങളുടെ ബന്ധം തകര്‍ന്നതില്‍ പങ്കില്ല. അര്‍ബുദത്തെ അതിജീവിക്കാന്‍ സാധിച്ചത് കുടുംബത്തിന്റെയും ബന്ധുക്കളുടെയും സഹായത്താലാണെന്നും ഗൗതമി പറഞ്ഞു.