സ്ത്രീകളും പ്രമേഹവും
സ്ത്രീകള്‍ക്കു പ്രമേഹം വന്നാല്‍ പുരുഷന്മാരേക്കാള് പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഗര്‍ഭകാലത്തെ പ്രമേഹം അമ്മയ്ക്കും നവജാതശിശുവിനും പലതരത്തില്‍ ദോഷകരമായേക്കാം. മാസം തികയാതെ പ്രസവിക്കുക, മൂത്രത്തില്‍ ഇടയ്ക്കിടെ പഴുപ്പുണ്ടാവുക, ഗര്ഭപാത്രത്തിനുള്ളിലെ ദ്രാവകം കൂടുക എന്നിവയ്ക്ക് ഇതു കാരണമാകാം.
നവജാതശിശുവിന് വലിപ്പവും തൂക്കവും വര്‍ദ്ധിക്കല്‍, ശരീരാവയവങ്ങള്‍ക്ക് പലതരത്തിലുളള വൈകല്യങ്ങള്‍, മഞ്ഞപ്പിത്തം എന്നിവയും ഉണ്ടായേക്കാം. ഗര്‍ഭകാലപ്രമേഹം എണ്പതു ശതമാനം സ്ത്രീകളിലും പ്രസവത്തിനുശേഷം ഇല്ലാതാവാറുണ്ട്.
പക്ഷേ ഇവരില്‍ പലര്‍ക്കും പത്തുവര്‍ഷത്തിനുളളില്‍ വീണ്ടും പ്രമേഹം വരാന്‍ സാധ്യതയുണ്ട്. സ്ത്രീകള്‍ക്കു പ്രമേഹമുണ്ടാകുന്നതിന്റെ ആദ്യലക്ഷണങ്ങളിലൊന്നാണ് യോനിയിലെ ചൊറിച്ചിലും പൂപ്പല്‍ബാധയും(ഫംഗസ് മൂലമുളള രോഗം).
പ്രമേഹത്തെത്തുടര്‍ന്ന് ഹൃദ്രോഗവും ഹൃദയാഘാതവും ഉണ്ടാകാനിടയുണ്ട്. ആര്‍ത്തവം നടക്കുന്ന കാലഘട്ടത്തില്‍ ഈസ്ട്രജന് ഹോര്‍മോണ്‍ സ്ത്രീകളെ ഹൃദയാഘാതത്തില്നിന്നു രക്ഷിക്കാറുണ്ട്. അതുകൊണ്ട് ഹൃദ്രോഗസാദ്ധ്യത കുറവായിരിക്കും. എന്നാല്‍ ആര്‍ത്തവവിരാമത്തിനുശേഷം ഹൃദയസ്തംഭനം വരാന്‍ സാദ്ധ്യത കൂടുന്നു.