വിഭാഗീയത വളര്‍ത്തുന്ന കേന്ദ്രം ഇപ്പോഴില്ലെന്നു കോടിയേരി

0

തൃശൂര്‍ : സി.പി.എമ്മിലെ വിഭാഗീയത പൂര്‍ണമായി ഇല്ലാതായെന്നു സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. വിഭാഗീയത വളര്‍ത്താന്‍ സംസ്‌ഥാനത്തൊരു കേന്ദ്രമുണ്ടായിരുന്നു. അതിപ്പോള്‍ ഇല്ല. ആലപ്പുഴ സമ്മേളനത്തോടെ സംസ്‌ഥാനതലത്തിലെ വിഭാഗീയതകള്‍ അവസാനിച്ചു. തൃശൂര്‍ സമ്മേളനത്തോടെ ജില്ലാതലവിഭാഗീയതയും ഇല്ലാതായി. പാര്‍ട്ടിക്കിനി ഒറ്റശബ്‌ദമാകും.

കേരളാ കോണ്‍ഗ്രസി(എം)നെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിച്ചിട്ടില്ല. അത്തരം വിഷയങ്ങള്‍ സി.പി.ഐ. ഉള്‍പ്പെടെ എല്ലാ ഘടകകക്ഷികളുമായും ആലോചിച്ചേ തീരുമാനിക്കൂ. സി.പി.എം. സംസ്‌ഥാനസമിതിയും ചര്‍ച്ചചെയ്യും. പോളിറ്റ്‌ ബ്യൂറോയുടെ അനുമതിയും ആവശ്യമുണ്ട്‌. ആരെങ്കിലും ഏകപക്ഷീയമായി എവിടെയെങ്കിലുമിരുന്നു പറയുന്നതില്‍ കാര്യമില്ല. സി.പി.ഐക്ക്‌ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സി.പി.എമ്മിനോടു പറയാന്‍ കഴിയണം. സി.പി.ഐയുമായുള്ള ബന്ധം ശക്‌തിപ്പെടുത്തണമെന്നാണു സമ്മേളനതീരുമാനം. അഭിപ്രായഭിന്നതകള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണു വേണ്ടത്‌. പാര്‍ട്ടി നേതാക്കള്‍ക്കും കണ്ണൂര്‍ ജില്ലാഘടകത്തിനുമെതിരേ ദേശീയനേതൃത്വത്തിനു കത്തയയ്‌ക്കുന്നതു വിഭാഗീയതയല്ല. ആര്‍ക്കും കത്തുകളയയ്‌ക്കാം. മന്ത്രിസഭാ പുനഃസംഘടനയെപ്പറ്റി ഇപ്പോള്‍ ആലോചിക്കുന്നില്ല. പാര്‍ട്ടി മാര്‍ഗരേഖപ്രകാരമാണു മന്ത്രിമാര്‍ പ്രവര്‍ത്തിക്കുന്നത്‌. സര്‍ക്കാരിനൊപ്പം വികസനപ്രവര്‍ത്തനങ്ങള്‍ക്കു പാര്‍ട്ടി മുന്നിട്ടിറങ്ങും. ഇതിന്റെ ഭാഗമായി ഭവനരഹിതര്‍ക്ക്‌ ഒരുവര്‍ഷത്തിനുള്ളില്‍ 2000 വീടുകള്‍ നിര്‍മിച്ചുനല്‍കും.ജലസ്രോതസുകള്‍ മാലിന്യമുക്‌തമാക്കാന്‍ പാര്‍ട്ടി നേതൃത്വം നല്‍കും. ഇടതുഭരണത്തുടര്‍ച്ചയ്‌ക്കു പരിശ്രമിക്കുമെന്നും കോടിയേരി പത്രസമ്മേളനത്തില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.