മുസ്‌ളീംലീഗ് പ്രവര്‍ത്തകനെ കടയില്‍ കയറി കുത്തിക്കൊന്നു; മണ്ണാര്‍ക്കാട് ഇന്ന് ഹര്‍ത്താല്‍; അക്രമത്തിന് പിന്നില്‍ സിപിഐ യെന്ന് ആരോപണം

0

പാലക്കാട്: മുസ്‌ളീം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് മണ്ണാര്‍ക്കാട് ഇന്ന് മുസ്‌ളീംലീഗ് ഹര്‍ത്താല്‍. മണ്ണാര്‍ക്കാട് കുന്തിപ്പുഴ സ്വദേശി സഫീറി (22)നെ മൂന്നംഗ അക്രമിസംഘം അദ്ദേഹത്തിന്റെ വസ്ത്ര വില്‍പ്പന സ്ഥാപനത്തില്‍ കയറി കുത്തിക്കൊല്ലുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പതുമണിയോടെ നടന്ന സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സിപിഐ പ്രവര്‍ത്തകരാണെന്നും മുസ്‌ളീംലീഗ് ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ട്. സഫീറിന് പങ്കാളിത്തമുള്ള ന്യൂയോര്‍ക്ക് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വെച്ചായിരുന്നു സംഭവം.

വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറു മണി വരെ നടക്കുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. നാമമാത്ര വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

അതേസമയം മുസ്‌ളീംലീഗ് ആരോപണം സിപിഐ ജില്ലാ ഘടകം എതിര്‍ത്തിട്ടുണ്ട്. തങ്ങള്‍ അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളല്ലെന്നും വ്യക്തിവൈരാഗ്യം ആയിരിക്കാം കാരണമെന്നുമാണ് സിപിഐ പറയുന്നത്. കുന്തിപ്പുഴ നമ്പിയിന്‍ കുന്ന് സ്വദേശികളായ മൂന്ന് പേരാണ് കുത്തിയതെന്നാണ് ആരോപണം. വസ്ത്ര സ്ഥാപനത്തിനുള്ളില്‍ കടന്നായിരുന്നു കുത്തിയതെന്നും കൊല നടത്തിയ ശേഷം സംഘം ഓടി രക്ഷപ്പെടുക ആയിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

നേരത്തേ ഇവിടുത്തെ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ലീഗ്-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് വിവരം. ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റതാണ് മരണ കാരണമെന്നാണ് കരുതുന്നത്.

സിപിഐ യുടെ ഗുണ്ടാസംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് മണ്ണാര്‍കാട് എംഎല്‍എ എ.എം.ഷംസുദ്ദീന്‍ പറഞ്ഞു. എന്നാല്‍ അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല സിപിഎം എന്ന് വ്യക്തമാക്കിയ അവരുടെ ജില്ലാ നേതാക്കള്‍ അക്രമികള്‍ ആരായാലും കര്‍ശന നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മണ്ണാര്‍കാട്ട് സംഘര്‍ഷ സാധ്യതകള്‍ നില നില്‍ക്കുകയാണ്.

Leave A Reply

Your email address will not be published.