എം.എം. അക്‌ബറിന്റെ അറസ്‌റ്റിനെതിരേ മുസ്ലിം സംഘടനകള്‍

0

മലപ്പുറം : സലഫി പണ്ഡിതനും പീസ്‌ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ എം.എം അക്‌ബറിന്റെ അറസ്‌റ്റിനെതിരേ മുസ്ലിംസംഘടനകള്‍ രംഗത്ത്‌.
ഓസ്‌ട്രേലിയയില്‍നിന്നും ദോഹയിലേക്ക്‌ പോകുന്ന വഴി ഹൈദരാബാദ്‌ വിമാനത്തവളത്തില്‍വച്ചാണ്‌ അക്‌ബറിനെ പിടികൂടിയത്‌. അറസ്‌റ്റ്‌ നീതികരിക്കാനാകില്ലെന്നു മുസ്ലിം യൂത്ത്‌ലീഗ്‌ സംസ്‌ഥാന ജനറല്‍സെക്രട്ടറി പി.കെ ഫിറോസ്‌ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള കാര്യമാണെങ്കില്‍ കേന്ദ്രവും കേരളവും ഒരേ പാതയിലാണെന്നും വിമാനത്തവളത്തില്‍വെച്ച്‌ അക്‌ബറിനെ അറസ്‌റ്റ്‌ ചെയ്‌തത്‌ എന്തിനാണെന്ന്‌ കേരള സര്‍ക്കാര്‍ വ്യക്‌തമാക്കണമെന്നും ഫിറോസ്‌ ആവശ്യപ്പെട്ടു. മുസ്ലിംലീഗിനും ഇതേ നിലപാട്‌ തന്നെയാണെങ്കിലും കേസുകളുടെ കാര്യത്തില്‍ വ്യക്‌തവരുത്തി പ്രതികരിക്കാമെന്നു നേതാക്കള്‍ അറിയിച്ചു.
സാക്കിര്‍നായിക്കിനെ വേട്ടയാടിയത്‌ പോലെ ഇസ്ലാമിക പ്രബോധകരെ വേട്ടയാടുക എന്ന അജണ്ടയാണ്‌ അക്‌ബറിന്റെ അറസ്‌റ്റിലുമുള്ളതെന്നു പോപ്പുലര്‍ ഫ്രണ്ട്‌ സംസ്‌ഥാന പ്രസിഡന്റ്‌ നാസറുദ്ദീന്‍ എളമരം പ്രതികരിച്ചു. നിരപരാധിയായ അക്‌ബറിനെതിരായ കേസ്‌ ഒഴിവാക്കാനുള്ള ഔചിത്യം കേരള സര്‍ക്കാര്‍ കാണിക്കണമെന്നും നാസറുദ്ദീന്‍ എളമരം പറഞ്ഞു. ഹിന്ദുത്വ ഫാസിസ്‌റ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെ തീവ്രവാദ മുദ്ര കുത്തി അറസ്‌റ്റ്‌ ചെയ്യുന്നത്‌ യഥാര്‍ഥ തീവ്രവാദികള്‍ക്കു പ്രോത്സാഹനമാവുകയേയുള്ളുവെന്ന്‌ കേരള മുസ്ലിം സംയുക്‌ത വേദി സംസ്‌ഥാന പ്രസിഡന്റ്‌ പാച്ചല്ലൂര്‍ അബ്‌ദുസ്സലിം മൗലവി പറഞ്ഞു.
അക്‌ബറിനെ കസ്‌റ്റഡിയിലെടുത്ത നടപടി ജനാധിപത്യ വിരുദ്ധവും പൗരാവകാശ നിഷേധവുമാണെന്നും കേരള മുസ്ലിം സംയുക്‌ത വേദി പറഞ്ഞു. ഫാസിസത്തിനും ഭരണകൂട ഭീകരതയ്‌ക്കുമെതിരേ ജനാധിപത്യ മര്യാദകള്‍ പാലിച്ച്‌ പ്രവര്‍ത്തിക്കുന്ന നേതാക്കളെയും സംഘടനകളെയും തേജോവധം ചെയ്ാനയും തകര്‍ക്കാനും സര്‍ക്കാരുകള്‍ തയാറാകുന്നത്‌ നിയമ വാഴ്‌ചക്ക്‌ ഭീഷണിയാണെന്നും സംയുക്‌ത വേദി പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി.
പീസ്‌ സ്‌കൂളിലെ പാഠപുസ്‌തകങ്ങളുമായി ബന്ധപ്പെട്ട പരാതികളുടെ പേരില്‍ എം.എം. അക്‌ബറിനെ നേരത്തെ പൊലീസ്‌ ചോദ്യം ചെയ്‌തിരുന്നു.
പീസ്‌ സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന ചിലര്‍ സിറിയയിലേക്ക്‌ പോയെന്നും ഐഎസ്‌ റിക്രൂട്ട്‌മെന്റ്‌ നടത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു. പിന്നാലെയാണ്‌ അക്‌ബറിനെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. ആഗോള തലത്തില്‍ ഇസ്‌ലാമിന്റെ പേരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുണ്ടായപ്പോഴും കേരളത്തില്‍ എന്‍.ഡി.എഫ്‌. അടക്കമുള്ള തീവ്രവാദികള്‍ തല പൊക്കിയപ്പോഴും അതിനെതിരേ പ്രഭാഷണങ്ങളിലൂടെ ശക്‌തമായ നിലപാട്‌ സ്വീകരിച്ച വ്യക്‌തിയാണ്‌ എം.എം അക്‌ബറെന്ന്‌ പി.കെ. ഫിറോസ്‌ പറഞ്ഞു.

Leave A Reply

Your email address will not be published.