ദേശീയ സീനിയര്‍ വോളിബാള്‍ : കേരളം സെമി ഫൈനലില്‍
കോഴിക്കോട്: കാണികളെ മുള്‍മുനയില്‍ നിറുത്തിയ കേരള ഹരിയാന പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് ആശ്വാസകരമായ പരിസമാപ്തി. പോയിന്റ് നില 30ന് മുകളില്‍ പോയ ആദ്യ സെറ്റ് 3230 എന്ന നിലയില്‍ കേരളത്തിന് നഷ്ടമായി. എന്നാല്‍ പത്തിലധികം തകര്‍പ്പന്‍ സ്മാഷുകളുമായി ആദ്യ സെറ്റില്‍ തന്നെ അജിത്ലാല്‍ കളം നിറഞ്ഞു കളിച്ചു. തുടര്‍ന്ന് വന്ന മൂന്നു സെറ്റുകളില്‍ ക്യാപ്റ്റന്‍ ജെറോം വിനീതിന്റെയും രോഹിതിന്റെയും ജി എസ് അഖിന്റെയും ശക്തമായ പ്രതിരോധ നിര ഹരിയാനയെ കടുത്ത പ്രതിരോധത്തിലാക്കി കേരളം മുന്നേറി. രണ്ടാം സെറ്റില്‍ ക്യാപ്റ്റന്‍ ജെറോമിന്റെ ആറിലധികം വന്ന തകര്‍പ്പന്‍ സ്മാഷുകളും സി കെ രതീഷിന്റെ അതിസാഹസികമായ സേവിങ്ങുകളും കളിയുടെ ഗതി മാറ്റി മറിച്ചു. 25-21 ന് രണ്ടാം സെറ്റ് സ്വന്തമാക്കിയ കേരള ടീം ജി എസ് അഖിന്റെ ശക്തമായ സ്മാഷിലൂടെ മൂന്നാം സെറ്റിലേക്ക് പ്രവേശിച്ചു.
ക്യാപ്റ്റന്‍ ജെറോമും, രോഹിതും കടുത്ത പ്രധിരോധവുമായി മുന്നില്‍ നിന്നപ്പോള്‍ മുത്തുസ്വാമിയുടെ ചിട്ടയായ പാസുകളെ അജിത്ലാലും വിപിനും ചേര്‍ന്ന് ഹരിയാനയുടെ നെഞ്ച് പിളര്‍ത്തിയ സ്മാഷുകള്‍ തീര്‍ത്തു കാണികള്‍ക്ക് ആവേശം കൂട്ടി. രതീഷിന്റെ ചിട്ടയായ സേവിങ്ങുകള്ക്കൊപ്പം അജിത്ലാലിന്റെ പ്ലേസിങ്ങും മൂന്നാം സെറ്റില്‍ 25-18ന് വിജയം കേരളത്തിന്റെ കൈകളിലൊതുക്കി.
തുടര്‍ച്ചയായ രണ്ടു സെറ്റുകള്‍ നഷ്ടമായ ഹരിയാന എതിരില്ലാത്ത മൂന്നു പോയിന്റുകളോടെ നാലാം സെറ്റില്‍ തുടക്കം കുറിച്ചത് കാണികളില്‍ തെല്ലൊരു ആശങ്ക ഉണ്ടാക്കി. കാണികളുടെ പ്രതീക്ഷക്കൊത്തു വിപിന്റെയും അജിത്ലാലിന്റെയും തുടര്‍ച്ചയായ രണ്ടു സ്മാഷുകളോടെ വീണ്ടും കേരളം പോരാട്ടം തുടങ്ങി. ക്യാപ്റ്റന്‍ ജെറോമിന്റെയും അജിത്ലാലിന്റെയും സ്മാഷുകളും വിപിനും രോഹിതും തീര്‍ത്ത പ്രതിരോധ നിരയും രതീഷിന്റെ സേവിങ്ങുകളും നാലാം സെറ്റില്‍ കേരളത്തിന് വിജയിച്ചു കയറാന്‍ കരുത്തായി. പല ഘട്ടങ്ങളിലും ഹരിയാന കേരളത്തെ സമ്മര്‍ദ്ദത്തിലാക്കി മുന്നേറിയെങ്കിലും ക്യാപ്റ്റന്‍ ജെറോമിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച് ചിട്ടയായി കേരള ടീം അണിനിരന്നപ്പോള്‍ ആവേശകരമായ പിന്തുണയുമായി കാണികളും കൂടെ നിന്നു. ഇത് കരുത്തരായ ഹരിയാനയെ അടിയറവു പറയിപ്പിക്കാന്‍ കേരള ടീമിന് കരുത്തായി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 2522ന് ഹരിയാനയെ നിലം പരിശാക്കി നാലില്‍ മൂന്നു സെറ്റും സ്വന്തമാക്കി കേരളം സെമി ഫൈനലില്‍ പ്രവേശിച്ചു.
ഹരിയാനയുമായി ഏറ്റുമുട്ടിയ കേരളത്തിന്റെ വനിതാ ടീം എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക് ഹരിയാനയെ പരാജയപ്പെടുത്തി. ഇതോടെ കേരള വനിതാ ടീം ക്യാപ്റ്റന്‍ അഞ്ജുമോളുടെ നേതൃത്വത്തില്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടി.
ഉച്ചക്ക് 1 മണിക്ക് ആരംഭിച്ച പുരുഷവനിതാ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ശക്തിയേറിയ പോരാട്ടങ്ങളാണ് ടീമുകള്‍ കാഴ്ചവെച്ചത്. പുരുഷ വിഭാഗത്തില്‍ 5 സെറ്റുകളിലായി നടന്ന വാശിയേറിയ പോരാട്ടത്തില്‍ 32 ന് തമിഴ്നാട് ആന്ധ്രപ്രദേശിനെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു. സ്കോര്‍ (29-27, 22-25, 25-20, 23-25, 19-17). വൈകുന്നേരം നാലു മണിക്ക് സെര്‍വീസസും പഞ്ചാബുമായി നടന്ന മത്സരം അക്ഷരാര്‍ത്ഥത്തില്‍ ഗാലറിയെ ഇളക്കി മറിച്ചിടുന്നതായിരുന്നു.
ശക്തമായ പോരാട്ടത്തിന് വലിയ ആര്‍പ്പു വിളികളോടെ കാണികള്‍ പിന്തുണ നല്കിയപ്പോള് ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചു. ആദ്യത്തെ രണ്ടു സെറ്റുകളില്‍ സെര്‍വീസസിന് അടിയറവു പറഞ്ഞ പഞ്ചാബ് (25-22, 25-21) കൃത്യമായ ചുവടുകളോടെ തുടര്‍ന്നുള്ള രണ്ടു സെറ്റുകളില്‍ സെര്വീസസിനെ പ്രതിരോധത്തിലാക്കി(25-23, 25-22). നിര്‍ണായകമായ അവസാന സെറ്റില്‍ ഇരു ടീമുകളും ശക്തമായ പോരാട്ടം കാഴ്ചവെച്ചു.
പല ഘട്ടങ്ങളിലും സമാസമം വന്ന ടീമുകള്‍ കടുത്ത പ്രതിരോധത്തിലായി. ഒടുവില്‍ സര്‍വീസസ് ക്യാപ്റ്റന്‍ ദേവേന്ദറിന്റെ ചടുലമായ നീക്കം പഞ്ചാബിനെ 1513 ന് തളച്ചിട്ട് സര്‍വീസസ് സെമിയില്‍ പ്രവേശിച്ചു.