ശ്രീദേവി ഓര്‍മയായി മൃതദേഹം ഇന്ന്‌ ഇന്ത്യയിലെത്തിക്കും

0

മുംബൈ/ദുബായ്‌: അഴകും അഭിനയശേഷിയും കൊണ്ട്‌ ഇന്ത്യന്‍ സിനിമയുടെ റാണിയായി വാഴ്‌ത്തപ്പെട്ട ശ്രീദേവി(54) ഓര്‍മയായി. ശനിയാഴ്‌ച രാത്രി ഹൃദയാഘാതത്തെത്തുടര്‍ന്നു ദുബായിലായിരുന്നു അന്ത്യം. ബോളിവുഡ്‌ നടനും ബന്ധുവുമായ മോഹിത്‌ മാര്‍വയുടെ വിവാഹ സല്‍കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. പോസ്‌റ്റ്‌മോര്‍ട്ടം നടത്തി.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന്‌ ഇന്ത്യയിലെത്തിക്കും. എന്നാല്‍, താമസിച്ചിരുന്ന ദുബായിലെ എമിറേറ്റ്‌സ്‌ ടവര്‍ ഹോട്ടലിലിലെ മുറിയില്‍ ശ്രീദേവി കുഴഞ്ഞുവീഴുകയായിരുന്നെന്നു റിപ്പോര്‍ട്ടുണ്ട്‌. തുടര്‍ന്ന്‌ റാഷിദ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും ഔദ്യോഗിക സ്‌ഥിരീകരണമില്ലാത്ത റിപ്പോര്‍ട്ടില്‍ പറയുന്നു. അതേമസയം, ശ്രീദേവിക്ക്‌ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി അറിവില്ലെന്നു ഭര്‍ത്താവിന്റെ സഹോദരനും ബോളിവുഡ്‌ നടനുമായ സഞ്‌ജയ്‌ കപൂര്‍ അറിയിച്ചു.

ഹിന്ദി, മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ ഭാഷകളിലായി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌. നാലാം വയസില്‍ “തുണൈവന്‍” എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയ രംഗത്തേക്ക്‌ വന്ന ശ്രീദേവി “ദേവരാഗം”, “കുമാര സംഭവം” ഉള്‍പ്പെടെയുള്ള 26 മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌. 1971ല്‍ “പൂമ്പാറ്റ” എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സംസ്‌ഥാന അവാര്‍ഡ്‌ ലഭിച്ചിരുന്നു.

രണ്ടു സംസ്‌ഥാന ചലചിത്ര പുരസ്‌കാരങ്ങളും ആറു ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും നേടി. 1976 ല്‍ “മുണ്ട്ര്‌ മുടിച്ച്‌” എന്ന തമിഴ്‌ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം. 1978 ല്‍ സോല്‍വാ സാലിലൂടെ ബോളിവുഡിലും നായികയായി. 1982 ലായിരുന്നു ശ്രീദേവിയുടെ കരിയറിലെ വഴിത്തിരിവായ “മൂന്‍ട്രാം പിറ” പുറത്തിറങ്ങിയത്‌. കമല്‍ഹാസനും ശ്രീദേവിയും മത്സരിച്ചഭിനയിച്ച ചിത്രം 1984 ല്‍ സദ്‌മ എന്ന പേരില്‍ ഹിന്ദിയിലും റീമേക്ക്‌ ചെയ്‌തു. വിമര്‍ശക പ്രശംസയും ബോക്‌സ്‌ ഓഫീസ്‌ വിജയവും മൂന്‍ട്രാം പിറയെയും സദ്‌മയെയും ഒരുപോലെ പുണര്‍ന്നു.

1983 ല്‍ “ഹിമ്മത്‌ വാല”യിലൂടെ ബോളിവുഡിലെ ആദ്യ ഹിറ്റ്‌. ബോളീവുഡിലെ നായക കേന്ദ്രീകൃത സിനിമാ സംസ്‌കാരം ശ്രീദേവിയുടെ വരവോടെ കീഴ്‌മേല്‍ മറിഞ്ഞു. ഭര്‍തൃസഹോദരനും സൂപ്പര്‍ താരവുമായ അനില്‍ കപൂറിനൊപ്പം മിസ്‌റ്റര്‍ ഇന്ത്യയടക്കം ഹിറ്റുകളുടെ പരമ്പരയാണ്‌ ശ്രീദേവി ബോളിവുഡിന്‌ നല്‍കിയത്‌. നാഗിന, ചാല്‍ബാസ്‌, ചാന്ദ്‌നി, ലംഹേ, ഹുദാ ഗവാ എന്നിവയാണ്‌ ശ്രീദേവിയുടെ പ്രശസ്‌ത ചിത്രങ്ങളില്‍ ചിലത്‌.

1997 ല്‍ അഭിനയ രംഗത്ത്‌ നിന്നു താല്‍കാലികമായി വിടപറഞ്ഞ ശ്രീദേവി 2012 ല്‍ “ഇംഗ്ലീഷ്‌ വിംഗ്ലിഷ്‌” എന്ന സിനിമയിലൂടെ തിരിച്ചുവരവ്‌ നടത്തി. 2013 ല്‍ രാജ്യം പദ്‌മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 2017 ല്‍ പുറത്തിറങ്ങിയ “മോം” ആണ്‌ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ഈ വര്‍ഷം ഡിസംബറില്‍ റിലീസ്‌ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന “സീറോ” എന്ന ഹിന്ദി ചിത്രത്തിലാണ്‌ അവസാനമായി അഭിനയിച്ചത്‌. മകള്‍ ജാഹ്‌നവിയുടെ ബോളിവുഡ്‌ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ്‌ ശ്രീദേവിയുടെ വിയോഗം. ബോളിവുഡ്‌ നിര്‍മാതാവ്‌ ബോണി കപൂറാണു ഭാര്‍ത്താവ്‌. ഖുശിയാണു മറ്റൊരു മകള്‍.

Leave A Reply

Your email address will not be published.