ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു

0

തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു. അടുത്ത 48 മണിക്കൂറില്‍ ന്യൂനമര്‍ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും. ബുധനാഴ്ചവരെ തെക്കന്‍ മുനമ്പില്‍ കനത്ത കാറ്റിന് സാധ്യതയുണ്ട്. കടലില്‍ കാറ്റിന്‍റെ വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാം. തിങ്കളാഴ്ച തെക്കന്‍ കേരളത്തിലും തമിഴ്നാടിന്‍റെ തെക്കന്‍ മേഖലയിലും ഒറ്റപ്പെട്ട മഴയുണ്ടായേക്കും. ചൊവ്വാഴ്ച കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്ന മഴ ബുധനാഴ്ചയോടെ ലക്ഷദ്വീപ് മേഖലയിലും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും മുന്നറിയിപ്പുനല്‍കി.

കോഴിക്കോടുവരെയുള്ള തീരപ്രദേശത്ത് 3.2 മീറ്റര്‍വരെ ഉയരത്തില്‍ തിരയ്ക്ക് സാധ്യതയുള്ളതായി ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്) മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍നിന്ന് മത്സ്യത്തൊഴിലാളികള്‍ പോകാറുള്ള ശ്രീലങ്കയ്ക്ക് പടിഞ്ഞാറും ലക്ഷദ്വീപിന് കിഴക്കും കന്യാകുമാരിക്കും തിരുവനന്തപുരത്തിനും പടിഞ്ഞാറുള്ള കടല്‍ ന്യൂനമര്‍ദത്തിന്‍റെ സ്വാധീനമേഖലയിലാണ്. ന്യൂനമര്‍ദം രൂപപ്പെട്ട പ്രദേശത്ത് ഞായറാഴ്ച ശക്തമായ മഴപെയ്തു. ഇതേ മേഖലയിലുണ്ടായ ന്യൂനമര്‍ദത്തെത്തുടര്‍ന്നാണ് കഴിഞ്ഞ നവംബറില്‍ ഓഖി ചുഴലിക്കാറ്റ് രൂപംകൊണ്ടത്. ഈ സാഹചര്യത്തില്‍ ന്യൂനമര്‍ദം സംബന്ധിച്ച മുന്നറിയിപ്പ് ഗൗരവമായി കാണണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Leave A Reply

Your email address will not be published.