എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം; ഒരാള്‍ക്ക് കുത്തേറ്റു

0

തളിപ്പറമ്പ്: എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കുനേരെ തൃച്ചംബരത്ത് ഉണ്ടായ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ കുത്തേറ്റ എസ്.എഫ്.ഐ. തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഞാറ്റുവയലിലെ എന്‍.വി. കിരണിനെ (19) പരിയാരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലും കാലിലുമായി മൂന്ന് കുത്തേറ്റ കിരണിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തില്‍നിന്ന് പൂക്കോത്തുനട ഭാഗത്തേക്ക് വരുന്നതിനിടെയാണ് ഇവര്‍ക്കുനേരെ ആക്രമണമുണ്ടായത്. വിവേകാനന്ദ മന്ദിരത്തിനുസമീപം ആര്‍.എസ്.എസ്.- ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നെന്നാണ് ആരോപണം. സമീപത്തുണ്ടായിരുന്ന പോലീസുകാര്‍ ഓടിയെത്തുമ്ബോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. ദൃശ്യങ്ങള്‍ പരിസരത്തെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അക്രമിസംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെക്കുറിച്ച്‌ പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതേ സംഘം ശനിയാഴ്ചരാത്രി പഴയങ്ങാടി താവത്ത് ബാറില്‍ക്കയറി അക്രമം നടത്തിയതായി പരാതിയുണ്ടെന്നും പോലീസ് അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് തൃച്ചംബരത്ത് സുരക്ഷ ശക്തമാക്കി. ഉത്സവാഘോഷങ്ങള്‍ക്ക് നല്‍കിയ അനുവാദം പോലീസ് പിന്‍വലിച്ചു. പരിക്കേറ്റ പൂക്കോത്ത്തെരുവിലെ പി. ധീരജ് (18), കോള്‍മെട്ടയിലെ ഇരയില്‍ അര്‍ജുന്‍ (18), കുഞ്ഞിപ്പുരയില്‍ അശ്വന്ത് (19) എന്നിവരെ സഹകരണ ആസ്​പത്രയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാല് ബി.ജെ.പി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. മുള്ളൂലില്‍ ജയന്‍ (34), മുറിയാത്തോട്ട് രാജേഷ് (29), ആലത്തട്ടില്‍ പി. അക്ഷയ് (21), പി. അജേഷ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു.

Leave A Reply

Your email address will not be published.