തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്
ന്യൂഡല്‍ഹി : ആധാറുമായി തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകളെ നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്. താല്‍പ്പര്യമുള്ളവര്‍മാത്രം ബന്ധിപ്പിച്ചാല്‍ മതിയെന്ന മുന്‍ നിലപാട് തിരുത്തിയാണ് കമീഷന് പുതിയ അപേക്ഷ സമര്‍പ്പിച്ചത്.
സര്‍ക്കാര്‍ ആധാര്‍ നിയമം പാസാക്കിയതിനാല്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ നിര്ബന്ധമാക്കാമെന്നാണ് കമീഷന് ഇപ്പോള്‍ കോടതിയെ അറിയിച്ചത്. കള്ളവോട്ട് തടയാനും ‘ഒരു വ്യക്തിക്ക് ഒരു വോട്ട്’ എന്നത് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്ന് കമീഷന് വാദിക്കുന്നു. കഴിഞ്ഞ ജൂലൈയില്‍ എ കെ ജോതി മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായി ചുമതലയേറ്റതോടെയാണ് കമീഷന് നിലപാട് പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന് അനുകൂലമായത്.
2017 മാര്‍ച്ചിലാണ് പാര്‍ലമെന്റ് ആധാര്‍ ബില്‍ പാസാക്കിയത്. ജൂലൈയില്‍ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു. ഇതോടെ എല്ലാ ആവശ്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമെന്ന സ്ഥിതി വന്നു. ആധാറും വോട്ടര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന പ്രക്രിയക്ക് 2015 ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് കമീഷന് തുടക്കമിട്ടിരുന്നു. എന്നാല്‍, പൊതുവിതരണസംവിധാനം, എല്‍പിജി, മണ്ണെണ്ണ എന്നിവയ്ക്ക് മാത്രമായി ആധാറിന്റെ ഉപയോഗം സുപ്രീംകോടതി പരിമിതപ്പെടുത്തിയതോടെ 2015 മാര്‍ച്ചില്‍ കമീഷന് ആധാര്‍ ബന്ധിപ്പിക്കല്‍ നടപടി നിര്‍ത്തിവച്ചു. എന്നാല്‍, ഇതിനകം 38 കോടി കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
2017 ജൂലൈയില്‍ നസീം സെയ്ദി മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായിരിക്കെ കമീഷന് വീണ്ടും ആധാര്‍ ബന്ധിപ്പിക്കലിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍, ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കില്ലെന്നും താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നുമായിരുന്നു നിലപാട്. ഈ നിലപാടാണ് ഇപ്പോള്‍ തിരുത്തിയത്.