വി. മുരളീധരനെ രാജ്യസഭയിലേക്ക് സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചു
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍നിന്ന് രാജ്യസഭയിലേക്ക് സ്ഥാനാര്‍ഥിയായി ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ചു. എന്‍.ഡി.എ കേരള വൈസ് ചെയര്മാന് രാജീവ് ചന്ദ്രശേഖരന് വീണ്ടും കര്‍ണാടകയില്‍നിന്ന് എത്തുന്നതോടെ മലയാളികളായ ബി.ജെ.പി രാജ്യസഭ എം.പിമാരുടെ എണ്ണം നാലാകും. കേരളത്തിലെ ബി.ഡി.ജെ.എസിന് രാജ്യസഭ സീറ്റ് നല്കുമെന്നവാര്ത്തകള് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നെങ്കിലും ബി.ജെ.പി കേന്ദ്ര നേതൃത്വം ഉറപ്പൊന്നും നല്‍കിയിരുന്നില്ല.
മഹാരാഷ്ട്രയില്‍ ഒഴിവുള്ള ആറു സീറ്റുകളില്‍ രണ്ടെണ്ണത്തിലാണ് ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇതിലൊരു സീറ്റ് രാംദാസ് അത്താവാലെയുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മലയാളി നേതാവും പത്തനംതിട്ട സ്വദേശിയുമായ രാജീവ് മേനോന് കിട്ടാനായി ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയിരുന്നു. മഹാരാഷ്ട്രയിലെ ഒരു സീറ്റ് നാരായണ്‍ റാണെക്കാണ്.
18 രാജ്യസഭ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബി.ജെ.പി ഞായറാഴ്ച പ്രസിദ്ധീകരിച്ചത്. പാര്‍ട്ടി വക്താവും ആന്ധ്രപ്രദേശില്‍ നിന്നുള്ള നേതാവുമായ ജി.വി.എല്‍. നരസിംഹ റാവു, അനില്‍ ജെയിന്, അശോക് ബാജ്പേയ്, വി.പി. തോമര്‍ എന്നിവരടക്കം ഏഴു പേരെ ഉത്തര്‍പ്രദേശില്‍നിന്നും രണ്ടു പേരെ രാജസ്ഥാനില്‍നിന്നും പ്രഖ്യാപിച്ചു. ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍നിന്ന് ഓരോ സ്ഥാനാര്‍ഥികളെയും തീരുമാനിച്ചിട്ടുണ്ട്.