ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി
ന്യൂഡല്‍ഹി: ആധാറുമായി ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവയുള്‍പ്പെടെ വിവിധ സേവനങ്ങളെ ബന്ധിപ്പിക്കാനുള്ള സമയപരിധി സുപ്രീം കോടതി അനിശ്ചിതമായി നീട്ടി. അതേസമയം, സബ്സിഡി ലഭ്യമാകുന്ന സാമൂഹിക പദ്ധതികള്‍ക്ക് ഇത് ബാധകമല്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.
തല്‍ക്കാല്‍ പാസ്പോര്‍ട്ടുകള്‍ക്ക് ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
മാര്‍ച്ച് 31-നു മുന്‍പ് മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നു മൊബൈല്‍ സേവനദാതാക്കളും ബാങ്കുകളും ഇടപാടുകാരോടു നിര്‍ദേശിച്ചിരുന്നു. സമയപരിധിക്കുള്ളില്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മൊബൈല്‍ സേവനം ലഭിക്കില്ലെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 15-നാണു വിവിധ സേവനങ്ങളെയും സാമൂഹികസുരക്ഷാ പദ്ധതികളെയും ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സുപ്രീം കോടതി മാര്‍ച്ച് 31 വരെ നീട്ടിനല്‍കിയത്. ആധാര്‍ നിയമത്തിന്റെ സാധുത ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ മാര്‍ച്ച് 31-നു മുമ്ബ് അന്തിമവിധി പറയാനാകില്ലെന്നു കഴിഞ്ഞ ഏഴിന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.