മിനിമം ബാലന്‍സ് ഇല്ലാത്തതിനുള്ള പിഴ എസ്.ബി.ഐ കുറച്ചു
കൊച്ചി: ഏപ്രില്‍ ഒന്നു മുതല്‍ സേവിങ്സ് അക്കൗണ്ടില്‍ പ്രതിമാസ ശരാശരി ബാലന്‍സ് ഇല്ലാത്തതിനുള്ള പിഴ എസ്.ബി.ഐ. 75 ശതമാനം കുറച്ചു. മെട്രോകളിലും വലിയ നഗരങ്ങളിലും പ്രതിമാസമുള്ള ഉയര്‍ന്ന പിഴത്തുക 50 രൂപയില്‍നിന്ന് 15 രൂപയായി കുറച്ചു. ചെറിയ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള പിഴത്തുക 40 രൂപയില്‍നിന്നു യഥാക്രമം 12, 10 രൂപയായി കുറച്ചു. ജി.എസ്.ടിയും ചേര്‍ത്താണ് പിഴ ഈടാക്കുന്നത്. ഉപയോക്താക്കളുടെ താല്‍പ്പര്യം കണക്കിലെടുത്താണു പിഴ കുറച്ചതെന്നു എസ്.ബി.ഐ. മാനേജിങ് ഡയറക്ടര്‍ (റീട്ടെയ്ല്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിങ്) പി.കെ. ഗുപ്ത അറിയിച്ചു.
അതേ സമയം, അക്കൗണ്ടിലുണ്ടായിരിക്കേണ്ട മിനിമം ബാലന്‍സ് മെട്രോകളില്‍ 3,000 രൂപയായും ചെറു നഗരങ്ങളില്‍ 2,000 രൂപയായും ഗ്രാമങ്ങളില്‍ ആയിരം രൂപയായും തുടരും. സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍നിന്നു നിരക്കുകള്‍ ഒന്നും ഈടാക്കാത്ത ബി.എസ്.ബി.ഡി. അക്കൗണ്ടുകളിലേക്കു മാറാന്‍ ബാങ്ക് ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിന് 41 കോടി സേവിങ്സ് അക്കൗണ്ടുകളുണ്ട്. ഇതില്‍ 16 കോടി അക്കൗണ്ടുകള്‍ പി.എം.ജെ.ഡി.വൈ, ബി.എസ്.ബി.ഡി. വിഭാഗങ്ങളിലുള്ളവയും പെന്‍ഷന്‍കാര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കള്‍ തുടങ്ങിയവരുടേതാണ്. ഇതിനു പുറമേ 21 വയസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണു എസ്.ബി.ഐ. മിനിമം ബാലന്‍സ് ഇല്ലാത്തതിനു പിഴ ഏര്‍പ്പെടുത്തിയത്. 2017 ഏപ്രില്‍-നവംബര്‍ കാലയളവില്‍ എസ്.ബി.ഐക്കു പിഴയിനത്തില്‍ 1,771.67 കോടി രൂപയാണു ലഭിച്ചത്. ഇത് രണ്ടാം പാദത്തിലെ ബാങ്കിന്റെ ലാഭത്തേക്കാള്‍ കൂടുതലായിരുന്നു.