വീപ്പയ്ക്കുള്ളിലെ കൊലപാതകത്തില്‍ പ്രതി മകളുടെ കാമുകന്
കൊച്ചി: വീപ്പയ്ക്കുള്ളിലെ കൊലപാതകത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട ശകുന്തളയുടെ മകളുടെ കാമുകന് സജിത്താണ് പ്രതിയെന്ന് പോലീസ് പറയുന്നു. മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സജിത്തിനേയും മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. വീപ്പ കോണ്‍ക്രീറ്റ് ഇട്ട് അടച്ച് കായലില്‍ തള്ളിയനിലയിലായിരുന്ന മൃതദേഹം രണ്ടു മാസങ്ങള്‍ക്കു മുന്‍പാണ് കണ്ടെടുത്തത്.
സജിത്തും ശകുന്തളയുടെ മകളും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായി പോലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈ അടുപ്പം ശകുന്തള ചോദ്യം ചെയ്താണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറയുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സജിത്ത് ജീവനൊടുക്കുകയായിരുന്നോ അതോ ഇയാളുടെ മരണത്തിന് പിന്നിലും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ച് വരുകയാണ്.
വീപ്പ കായലില്‍ കൊണ്ടിടാന്‍ സജിത്തിനെ സഹായിച്ചവരേയും പോലീസ് തിരിച്ചറിഞ്ഞു. തങ്ങള്‍ക്ക് ഇതിനുള്ളില്‍ മൃതദേഹമാണെന്ന് അറിയില്ലായിരുന്നുവെന്നാണ് സഹായിച്ചവര്‍ പോലീസിനോട് പറഞ്ഞത്. മയക്കുമരുന്ന് ഇടപാടുകാര്‍ അടക്കമുള്ളവരെക്കുറിച്ചും മറ്റും എക്സൈസിനും പോലീസിനും വിവരം നല്‍കിയിരുന്ന ഇന്‍ഫോര്‍മറായിരുന്നു മരിച്ച സജിത്ത്.