തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ. സഖ്യം വിടുന്നു; തീരുമാനം ഇന്ന്
ഹൈദരാബാദ്: തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ. സഖ്യം വിടുന്നു. ഇന്ന് അമരാവതിയില്‍ ചേരുന്ന പാര്‍ട്ടി പൊളിറ്റ്ബ്യൂറോ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. പാര്‍ട്ടി അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബുനായിഡു വിളിച്ചുചേര്‍ത്ത പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പാര്‍ട്ടി ടിക്കറ്റിലുള്ള എല്ലാ എം.എല്‍.എ.മാരും എം.പി.മാരും എന്‍.ഡി.എ. വിടാനുള്ള തീരുമാനത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന. പാര്‍ലമെന്റില്‍ എതിരാളികളായ വൈ.എസ്.ആര്. കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് നരേന്ദ്രമോദി സര്‍ക്കാരിനെതിരേ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനും തെലുങ്കുദേശത്തില്‍ ഏകദേശധാരണയായിട്ടുണ്ട്.
ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതിലുള്ള അമര്‍ഷമാണ് എന്‍.ഡി.എ. സഖ്യം വിടാന്‍ നായിഡുവിനെ പ്രേരിപ്പിക്കുന്നത്. ബി.എസ്.പി. അധ്യക്ഷ മായാവതിയെയും എസ്.പി. നേതാവ് മുലായം സിങ് യാദവിനെയും അദ്ദേഹം ബന്ധപ്പെടുന്നുണ്ടെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ വെളിപ്പെടുത്തി. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ. സര്‍ക്കാരിനെതിരേ വെള്ളിയാഴ്ച അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ വൈ.എസ്.ആര്. കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ലോക്സഭാ എം.പി. വൈ.വി. സുബ്ബറെഡ്ഡിയാണ് ഇത് അവതരിപ്പിക്കുക. അതിനെ പിന്തുണയ്ക്കാന്‍ സമാന ചിന്താഗതിക്കാരായ പാര്‍ട്ടിനേതാക്കളോട് അധ്യക്ഷന്‍ ജഗന്മോഹന് റെഡ്ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ചന്ദ്രബാബു നായിഡുവുമായും ജഗന്മോഹന് റെഡ്ഡി ആശയവിനിമയം നടത്തിയിട്ടുണ്ട്.