പി.വി അന്‍വര്‍ എം.എല്‍.എ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചത് അനധികൃതമായിട്ടാണെന്ന് റിപ്പോര്‍ട്ട്
നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചത് അനധികൃതമായിട്ടാണെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. സമുദ്ര നിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ പശ്ചിമഘട്ട മലനിരകളിലെ സ്ഥിതി ചെയ്യുന്ന കക്കാടം പൊയില്‍ പരിസ്ഥിതി ലോല പ്രദേശമാണ്. ഇവിടുത്തെ കുന്നുകള്‍ ഇടിച്ചു നിരത്തിയാണ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചതെന്നായിരുന്നു പി.വി അന്‍വര്‍ നേരിട്ട ആരോപണം.
പഞ്ചായത്ത് അനുമതി നല്‍കുന്നതിന് മുമ്ബെ പാര്‍ക്ക് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പിന്നീട് ആരോപണം ഉയര്‍ന്നപ്പോള്‍ പാര്ക്കിന് പഞ്ചായത്ത് പിഴ നല്‍കുകയായിരുന്നു. കക്കാടം പൊയില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഒത്താശയോടെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. പാര്‍ക്കിലെ കെട്ടിടം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തിയ എം.എല്‍.എയ്ക്കെതിരെ കേസെടുക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെട്ടിടങ്ങള്‍ ഉടനെ പൊളിച്ചുമാറ്റണമെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.