സാഹിത്യകാരന്‍ എം. സുകുമാരന്‍ അന്തരിച്ചു

0

തിരുവനന്തപുരം: കേന്ദ്ര, കേരള സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവും പ്രശസ്‌ത നോവലിസ്‌റ്റുമായ എം. സുകുമാരന്‍ (75)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ ഇന്നലെ രാത്രി 9.15 നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന്‌. ഏതാനും ദിവസമായി ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ ചികിത്സയിലായിരുന്നു. ഭാര്യ: മീനാക്ഷി. മകള്‍: കവയത്രി രജനി മന്നാടിയാര്‍. മരുമകന്‍: അനില്‍.

ദാരിദ്ര്യത്തിന്റെയും ചൂഷണത്തിന്റെയും നിസഹായതയുടെയും കഥകള്‍ തീവ്രതയോടെ വായനക്കാര്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ച കഥാകാരനായിരുന്നു എം.സുകുമാരന്‍. പ്രമേയത്തിലെയും ശൈലിയിയിലെയും വൈവിധ്യം അദ്ദേഹത്തിന്‌ മലയാള സാഹിത്യത്തില്‍ സ്വന്തമായ ഇടം നേടിക്കൊടുത്തു.

1943-ല്‍ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട്‌ ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലാണു ജനനം.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസംപൂര്‍ത്തിയായതോടെ പഠനം അവസാനിച്ചു. കുറച്ചുകാലം പ്രൈമറി അധ്യാപകനായും ജോലി ചെയ്‌തു. 1963-ല്‍ തിരുവനന്തപുരത്ത്‌ അക്കൗണ്ടന്റ്‌ ജനറല്‍ ഓഫീസില്‍ ക്ലര്‍ക്ക്‌. 1974-ല്‍ ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍വീസില്‍നിന്നും പിരിച്ചുവിടപ്പെട്ടു.

1976-ലെ കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം “മരിച്ചിട്ടില്ലാത്തവരുടെ സ്‌മാരകങ്ങള്‍” എന്ന പുസ്‌തകത്തിന്‌ ലഭിച്ചു. പിതൃതര്‍പ്പണം 1992 ലെ മികച്ച ചെറുകഥയ്‌ക്കുള്ള പത്മരാജന്‍ പുരസ്‌കാരം നേടി. ജനിതകത്തിന്‌ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്‌ ലഭിച്ചു. മികച്ച കഥയ്‌ക്കുള്ള കേരള ചലച്ചിത്ര അവാര്‍ഡ്‌ 1981ല്‍ ശേഷക്രിയയ്‌ക്കും 95-ല്‍ കഴകത്തിനും ലഭിച്ചു. ചുവന്നചിഹ്‌നങ്ങള്‍ എന്ന ചെറുകഥാ സമാഹാരം 2006-ലെ കേന്ദ്രസാഹിത്യ അക്കാഡമി പുരസ്‌കാരത്തിന്‌ അര്‍ഹമായി.

മഴത്തുള്ളിയാണ്‌ പ്രസിദ്ധീകരിച്ച ആദ്യ കഥ. ശേഷക്രിയ, ശുദ്ധവായു, ജനിതകം, പാറ, അഴിമുഖം, അസുര സങ്കീര്‍ത്തനം, ചുവന്ന ചിഹ്നങ്ങള്‍ എന്നിവയാണ്‌ നോവലുകള്‍. തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്‌, മരിച്ചിട്ടില്ലാത്തവരുടെ സ്‌മാരകങ്ങള്‍, ചരിത്രഗാഥ, എം. സുകുമാരന്റെ കഥകള്‍, എന്നിവയാണ്‌ കഥാസമാഹരങ്ങള്‍. പിതൃതര്‍പ്പണം, സംഘഗാനം, ഉണര്‍ത്തുപാട്ട്‌, ശേഷക്രിയ, തിത്തുണ്ണി, എന്നീ രചനകള്‍ സിനിമയായി. അടിയന്തിരാവസ്‌ഥക്കാലത്ത്‌ ഉദയം കാണാന്‍ കാത്തിരുന്നവര്‍ എന്ന കഥയുടെ പേരില്‍ പോലീസ്‌ നിരീക്ഷണത്തിലായി.

Leave A Reply

Your email address will not be published.