റഷ്യയുമായി ശീതയുദ്ധം ആഗ്രഹിക്കുന്നില്ല; നല്ല ബന്ധം തുടരണമെന്നാണ് ആഗ്രഹിക്കുന്നത് നാറ്റോ സെക്രട്ടറി

0

ലണ്ടന്‍: രാസായുധ പ്രയോഗത്തിലൂടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെയും മകളെയും വധിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍റെ നിലപാടിനെ പിന്തുണക്കുമ്ബോഴും റഷ്യയുമായി ശീതയുദ്ധ കാലത്തേക്ക് തിരിച്ചുപോവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജീന്‍സ് സ്റ്റോള്‍ട്ടന്‍ ബെര്‍ഗ്. പുതിയൊരു ശീതയുദ്ധമോ ആയുധ മത്സരമോ ആവശ്യമില്ലെന്നും , റഷ്യ അയല്‍ക്കാരാണെന്നും അതിനാല്‍ തന്നെ നല്ല ബന്ധം തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബെര്‍ഗ് പറഞ്ഞു.
മാറിയ സുരക്ഷ സാഹചര്യങ്ങളനുസരിച്ച്‌ കിഴക്കന്‍ യൂറോപ്പില്‍ നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും സമീപ വര്‍ഷങ്ങളിലായി റഷ്യക്കുമേല്‍ സാമ്ബത്തിക വിലക്കുകള്‍ ചെലുത്തുകയും ചെയ്തിരുന്നു. അതേസമയം, റഷ്യയെ ഒറ്റപ്പെടുത്തല്‍ പരിഹാര മാര്‍ഗമല്ലെന്ന കാര്യവും അദ്ദേഹം പറയുന്നു.
തങ്ങള്‍ ഒരു ഏറ്റുമുട്ടലിനല്ല, സഹകരണത്തിനാണ് ആഗ്രഹിക്കുന്നതെന്ന് റഷ്യ മനസ്സിലാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുന്‍ റഷ്യന്‍ ചാരനായ സെര്‍ജി സ്ക്രിപാലിനെയും മകളെയും സാലിസ്ബെറിയിവെച്ച്‌ വധിക്കാന്‍ ശ്രമമുണ്ടായതിനെ തുടര്‍ന്ന് നാറ്റോ ബ്രിട്ടനെ പിന്തുണച്ചിരുന്നു.

Leave A Reply

Your email address will not be published.