നിലവിലുള്ളതില്‍ ഏറ്റവും സങ്കീര്‍ണമായ ജി.എസ്.ടി സമ്പ്രദായമാണ് ഇന്ത്യയിലേതെന്ന് ലോകബാങ്ക്

0

ന്യൂഡല്‍ഹി: ചരക്ക്-സേവന നികുതി (ജി.എസ്.ടി.)യില്‍ ലോകത്തില്‍ നിലവിലുള്ളതില്‍ ഏറ്റവും സങ്കീര്‍ണമായ സമ്ബ്രദായമാണ് ഇന്ത്യയിലേതെന്ന് ലോകബാങ്ക്. ജി.എസ്.ടി. നടപ്പാക്കിയിട്ടുള്ള 115 രാജ്യങ്ങളുടെ നില പരിശോധിച്ചാണ് റിപ്പോര്‍ട്ട്. ഏറ്റവും കൂടിയ നികുതിനിരക്കുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കൂടുതല്‍ നികുതി സ്ലാബുകളും ഇന്ത്യയിലാണ് -ലോകബാങ്ക് ചൂണ്ടിക്കാട്ടി. 49 രാജ്യങ്ങളില്‍ ജി.എസ്.ടി.യില്‍ ഒറ്റനികുതിനിരക്കും 28 എണ്ണത്തില്‍ രണ്ടു നികുതിനിരക്കുകളുമാണുള്ളത്. ഇന്ത്യ ഉള്‍പ്പെടെ അഞ്ചുരാജ്യങ്ങളില്‍ മാത്രമാണ് നാലു വ്യത്യസ്ത നികുതിനിരക്കുകളുള്ളത്. ഇറ്റലി, ലക്സംബര്‍ഗ്, പാകിസ്താന്‍, ഘാന എന്നീ രാജ്യങ്ങളാണ് മറ്റുള്ളവ. പുതിയ നികുതി സമ്പ്രദായം ശരിയായി പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ ഇന്ത്യക്ക് നേട്ടമാകുമെന്നും ലോകബാങ്ക് അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ ഉയര്‍ന്ന ജി.എസ്.ടി. നിരക്ക് 28 ശതമാനമാണ്. ചിലിയില്‍ മാത്രമാണ് ഇതിലും ഉയര്‍ന്ന നിരക്കുള്ളത്. വ്യത്യസ്ത നികുതി സ്ലാബുകളാണ് മറ്റൊന്ന്. അഞ്ച്, 12, 18, 28 എന്നിങ്ങനെ നാലു നികുതി സ്ലാബുകളാണ് ഇന്ത്യയിലുള്ളത്. കൂടാതെ ചില ഉത്പന്നങ്ങളെ നികുതിരഹിതമാക്കിയിട്ടുമുണ്ട്. സ്വര്‍ണത്തിന് സ്ലാബില്‍നിന്നു വ്യത്യസ്തമായി മൂന്നു ശതമാനം നികുതി ഈടാക്കുന്നു. പെട്രോളിയം ഉത്പന്നങ്ങള്‍, ഊര്‍ജം, റിയല്‍ എസ്റ്റേറ്റ് എന്നിവയെ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്താതെ മാറ്റിനിര്‍ത്തിയിരിക്കുന്നു. ഇതെല്ലാമാണ് ഇന്ത്യയിലെ ജി.എസ്.ടി.യെ സങ്കീര്‍ണമാക്കുന്നത്.

Leave A Reply

Your email address will not be published.