പി ജയരാജന് വധഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ട്

0

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണിയെന്നു പോലീസ് റിപ്പോര്‍ട്ട്. ജയരാജന്‍റെ സുരക്ഷ കര്‍ശനമാക്കി. ജയരാജനെ വധിക്കാന്‍ ആര്‍എസ്‌എസ് പ്രൊഫഷണല്‍ ക്വട്ടേഷന്‍സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. അതീവജാഗ്രത പുലര്‍ത്തണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി ജില്ലയിലെ ഡിവൈഎസ്പിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും അടിയന്തരസന്ദേശമയച്ചു.
യാത്രയ്ക്കിടെ ആക്രമിച്ചുകൊല്ലാനാണ് പദ്ധതി എന്ന രഹസ്യവിവരമാണ് ലഭിച്ചതെന്നറിയുന്നു. പദ്ധതി നടപ്പായാല്‍, കേരളത്തിലുടനീളം അക്രമവും കലാപവും നടക്കുമെന്നും അതിന്‍റെ മറവില്‍ കേന്ദ്ര ഇടപെടലടക്കമുള്ള അജന്‍ഡ നടപ്പാക്കാനാകുമെന്നുമാണ് കണക്കൂകൂട്ടല്‍. ആവശ്യമായ പണവും വാഹനങ്ങളും ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ആര്‍എസ്‌എസ് നിയന്ത്രണത്തിലുള്ള പുത്തന്‍കണ്ടം ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയും ചക്കരക്കല്‍, കടമ്ബൂര്‍ പൂങ്കാവ്, പാലയാട് സാമിക്കുന്നുമ്ബ്രം, മേലൂര്‍ പാലം, പൊന്ന്യം നായനാര്‍ റോഡ് പ്രദേശങ്ങളിലെ ക്രിമിനലുകളും സംഘത്തിലുണ്ടെന്നാണ് പൊലീസിനുലഭിച്ച വിവരം.
ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ പ്രനൂബ് അടങ്ങുന്ന ബിജെപി ആര്‍എസ്‌എസ് സംഘമാണ് നീക്കത്തിന് പിന്നില്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച അടിയന്തിര സന്ദേശം എല്ലാ സ്റ്റേഷനുകളിലേക്കും ജില്ലാ പൊലീസ് മേധാവി കൈമാറി. നിലവില്‍ വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസില്‍ ഒളിവിലാണ് പ്രനൂബ്. കതിരൂര്‍ മനോജ് വധം, രഞ്ജിത്ത് വധം തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട പകയാണ് പദ്ധതിക്ക് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്വട്ടേഷന്‍ സംഘങ്ങള്‍ വഴി പണവും വാഹനവും ഇവര്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പ്രധാനപ്പെട്ട് പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കാനും ഈ സംഘത്തിന് പദ്ധതിയുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave A Reply

Your email address will not be published.