കേന്ദ്രസര്‍ക്കാരിനെതിരേയുള്ള അവിശ്വാസപ്രമേയനോട്ടീസ് ഇന്ന് വീണ്ടും ലോക്സഭയില്‍

0

ന്യൂഡല്‍ഹി: ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്ന ആവശ്യം കേന്ദ്രം തള്ളിയതില്‍ പ്രതിഷേധിച്ച് നല്‍കിയ കേന്ദ്രസര്‍ക്കാരിനെതിരേയുള്ള അവിശ്വാസപ്രമേയനോട്ടീസ് തിങ്കളാഴ്ച വീണ്ടും ലോക്സഭയിലെത്തും. വൈ.എസ്.ആര്‍.കോണ്‍ഗ്രസും ഭരണസഖ്യം വിട്ട് പുറത്തുവന്ന തെലുഗുദേശം പാര്‍ട്ടിയുമാണ് (ടി.ഡി.പി.) അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
വെള്ളിയാഴ്ചയും രണ്ട് പാര്‍ട്ടികളും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, സഭാനടപടികള്‍ ക്രമപ്രകാരമല്ല നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സ്​പീക്കര്‍ അത് പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് നല്‍കിയത്. പ്രമേയത്തിന് അവതരണാനുമതി ലഭിക്കണമെങ്കില്‍ 50 അംഗങ്ങളുടെ പിന്തുണ വേണം. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടെ എട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതിനാല്‍ ഇതുറപ്പാക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍, അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളംവെച്ചാല്‍ സഭ ക്രമപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി സ്​പീക്കര്‍ക്ക് പ്രമേയം പരിഗണിക്കുന്നത് ഒഴിവാക്കാം. പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ള എ.ഐ.ഡി.എം.കെ.യും ടി.ആര്‍.എസും മറ്റ് വിഷയങ്ങള്‍ ഉന്നയിച്ച്‌ നടുത്തളത്തിലിറങ്ങിയേക്കും. ബി.ജെ.പി. അംഗങ്ങളും പ്രാദേശികവിഷയങ്ങള്‍ ഉന്നയിച്ച്‌ ബഹളമുയര്‍ത്തും. ഇതോടെ, പ്രമേയം പരിഗണനയ്ക്കെടുക്കാതെ സര്‍ക്കാരിന് മുഖംരക്ഷിക്കാന്‍ കഴിയും.
ബി.ജെ.പി.യോട് നിരന്തരം ഇടയുന്ന എന്‍.ഡി.എ. സഖ്യകക്ഷിയായ ശിവസേനയുടെ നിലപാടില്‍ വ്യക്തതയില്ല. ബി.ജെ.പി.യോടും മോദിയോടും സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്ന എ.ഐ.എഡി.എം.കെ. പ്രതിപക്ഷനീക്കത്തിനൊപ്പമുണ്ടാകില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. കാവേരി മാനേജ്മെന്റ് ബോര്‍ഡുണ്ടാക്കിയാല്‍ പ്രമേയത്തെ പിന്തുണയ്ക്കാമെന്ന് പ്രഖ്യാപിച്ച പാര്‍ട്ടി വക്താവ് കെ.സി. പളനിസ്വാമിയെ പുറത്താക്കിക്കൊണ്ടാണ് എ.ഐ.എ.ഡി.എം.കെ. കേന്ദ്രസര്‍ക്കാരിനോടുള്ള കൂറുപ്രഖ്യാപിച്ചത്.
എന്‍.ഡി.എ.ക്ക് 315 അംഗങ്ങളുള്ള ലോക്സഭയില്‍ പ്രമേയം വിജയിക്കില്ലെങ്കിലും പ്രതിപക്ഷനിരയില്‍ ഐക്യത്തിനുള്ള ആഹ്വാനമായി പ്രമേയം മാറും. ഉത്തര്‍പ്രദേശ് മാതൃകയില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ പാര്‍ലമെന്റിനകത്തും പുറത്തും കൈകോര്‍ക്കാനുള്ള നീക്കത്തെ ഇത് ശക്തിപ്പെടുത്തും.

Leave A Reply

Your email address will not be published.