നിദാഹസ് ട്രോഫി ടി20 കിരീടം ഇന്ത്യ സ്വന്തമാക്കി

0

കൊളംബോ: നിദാഹസ് ട്രോഫി ടി20 കിരീടം ഇന്ത്യ സ്വന്തമാക്കി. ബംഗ്ലാദേശിനെ നാല് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്താണ് വിജയിച്ചത്. ടോസ് നേടി ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങിനയക്കുകയായിരുന്നു.
ആവേശം അവസാന ഓവര്‍ വരെ നിലനിന്നപ്പോള്‍ ആറ് പന്തില്‍ 12 റണ്‍സായിരുന്നു ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. കാര്‍ത്തികും വിജയ് ശങ്കറുമായിരുന്നു ക്രീസില്‍. സൗമ്യ സര്‍കാര്‍ എറിഞ്ഞ ആദ്യ പന്ത് വൈഡായി ഒരു റണ്‍സ് ഇന്ത്യക്ക് ലഭിച്ചു. അടുത്ത പന്തില്‍ റണ്ണില്ല. രണ്ടാം പന്തില്‍ ഒരു റണ്‍സ്. മൂന്നാം പന്തിലും ഒരു റണ്‍സ്. അവസാന മൂന്ന് പന്തില്‍ ഒന്‍പത് റണ്‍സായി ഇന്ത്യയുടെ ലക്ഷ്യം.
നാലാം പന്ത് ഫോറിലേക്ക് പറത്തി വിജയ് ശങ്കര്‍ ഇന്ത്യയെ ലക്ഷ്യത്തിലേക്കടുപ്പിച്ചു. എന്നാല്‍ അഞ്ചാം പന്തില്‍ വിജയ് ശങ്കറിനെ മടക്കി സൗമ്യ ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കി. ഒരു പന്ത് ശേഷിക്കെ ഇന്ത്യയുടെ ലക്ഷ്യം അഞ്ച് റണ്‍സ്. അവസാന പന്ത് സിക്സിലേക്ക് തൂക്കി കാര്‍ത്തിക് വിജയവും കിരീടവും ഇന്ത്യക്ക് സമ്മാനിച്ചു. കളി അവസാനിക്കുമ്ബോള്‍ എട്ട് പന്തില്‍ 29 റണ്‍സുമായി കാര്‍ത്തിക് ക്രീസില്‍ നിലകൊണ്ടു.
167 റണ്‍സ് വിജയത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ മികച്ച തുടക്കമിട്ടു. ഒരറ്റത്ത് രോഹിത് ശര്‍മ കത്തിക്കയറി. സ്കോര്‍ 32ല്‍ നില്‍ക്കെ ധവാന്‍ വീണു. തൊട്ടുപിന്നാലെ റെയ്ന പൂജ്യത്തില്‍ മടങ്ങി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ രാഹുല്‍ രോഹിതിനൊപ്പം ചേര്‍ന്നതോടെ ഇന്ത്യ വീണ്ടും ട്രാക്കിലായി. സ്കോര്‍ 83ല്‍ നില്‍ക്കെ 24 റണ്‍സുമായി രാഹുല്‍ പുറത്ത്.
പിന്നാലെ രോഹിത് 42 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും സഹിതം 56 റണ്‍സുമായി പവലിയനിലേക്ക്. ഈ ഘട്ടത്തില്‍ ബംഗ്ലാദേശ് പിടിമുറുക്കി. വിക്കറ്റ് വീണില്ലെങ്കിലും റണ്‍സ് കണ്ടെത്താന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ബുദ്ധിമുട്ടുന്ന കാഴ്ച. 27 പന്തില്‍ 28 റണ്‍സുമായി മനിഷ് പാണ്ഡെ മടങ്ങുമ്ബോള്‍ ഇന്ത്യന്‍ സ്കോര്‍ 18 ഓവറില്‍ 133 റണ്‍സ്. കാര്‍ത്തിക്കിന്‍റെ വരവാണ് കളി ഇന്ത്യയുടെ കൈകളിലേക്ക് വീണ്ടുമെത്തിച്ചത്. വന്ന വഴിയേ താരം മൂന്ന് പന്തില്‍ രണ്ട് സിക്സും ഒരു ഫോറും സഹിതം 16 റണ്‍സ് വാരി ഇന്ത്യയെ ട്രാക്കിലാക്കി. ഒടുവില്‍ വാഷിങ്ടന്‍ സുന്ദറിനെ കാഴ്ച്ചക്കാരനാക്കി ഇന്ത്യയെ വിജയത്തിലുമെത്തിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് സബ്ബിര്‍ റഹ്മാന്‍ നേടിയ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് പൊരുതാവുന്ന സ്കോറിലെത്തിയത്. 50 പന്തുകള്‍ നേരിട്ട് താരം 77 റണ്‍സെടുത്തു. ഏഴ് ഫോറും നാല് സിക്സും സഹിതമാണ് താരത്തിന്റെ ഒറ്റയാള്‍ പോരാട്ടം. കൃത്യമായ ഇടവേളകളില്‍ ബംഗ്ലാ ബാറ്റ്സ്മാന്‍മാരെ പുറത്താക്കി ഇന്ത്യ അവരെ ക്രീസില്‍ അധികം നില്‍ക്കാന്‍ അനുവദിച്ചില്ല.
അതിനിടെ രണ്ട് റണ്ണൗട്ടുകളും ബംഗ്ലാദേശിനെ പിന്നോട്ടടിച്ചു. ഒരു ഘട്ടത്തില്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെന്ന നിലയിലായിരുന്നു. മധ്യനിരയില്‍ 16 പന്തില്‍ 21 റണ്‍സുമായി മഹ്മുദുല്ലയും വാലറ്റത്ത് ഏഴ് പന്തില്‍ 19 റണ്‍സ് വാരി പുറത്താകാതെ നിന്ന് മെഹിദി ഹസനും സബ്ബിറിന് പിന്തുണ നല്‍കിയതോടെയാണ് ബംഗ്ലാദേശിന്‍റെ സ്കോര്‍ 166ല്‍ എത്തിയത്.
നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ യുസ്വേന്ദ്ര ചഹലിന്‍റെ ബൗളിങ് ബംഗ്ലാദേശിനെ കുഴക്കി. മുഹമ്മദ് സിറാജിന് പകരം ടീമിലെത്തിയ ജയദേവ് ഉനദ്കട് രണ്ട് വിക്കറ്റുകളും വാഷിങ്ടന്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി.

Leave A Reply

Your email address will not be published.