യുഎസ് ഉത്തരകൊറിയ അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ഫിന്‍ലാന്‍ഡ് വേദിയാകും

0

ഹെല്‍സിങ്കി: യുഎസ് ഉത്തരകൊറിയ അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ഫിന്‍ലാന്‍ഡ് വേദിയാകും. ഫിന്‍ലാന്‍ഡ് വിദേശകാര്യ മാന്ത്രാലയത്തിന്‍റെ ഇടപെടലാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ആണവായുധ പരീക്ഷണങ്ങളെച്ചൊല്ലി നേരത്തെ ഇരുരാജ്യങ്ങളും തമ്മില്‍ വാക്പോര് രൂക്ഷമായിരുന്നു. ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് ഫിന്‍ലാന്‍ഡില്‍ കളമൊരുങ്ങുന്നത്. എന്നാല്‍ ചര്‍ച്ചയില്‍ ആരൊക്കെ പങ്കെടുക്കും എന്നത് സംബന്ധിച്ച്‌ വ്യക്തത വന്നിട്ടില്ല.
ഇരുരാജ്യങ്ങളിലേയും അനൗദ്യോഗിക പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ദക്ഷിണ കൊറിയയും ചര്‍ച്ചയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര കൊറിയയില്‍ അമേരിക്കയ്ക്ക് നയതന്ത്ര പ്രതിനിധി ഇല്ലെന്നിരിക്കെ ഔദ്യോഗിക പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ ദുഷ്കരമാകുമെന്നതിനാലാണ് അനൗദ്യോഗിക പ്രതിനിധികള്‍ ചര്‍ച്ചയുടെ ഭാഗമാകുന്നത്. ആണവ നിരായുധീകരണത്തിനായിരിക്കും ചര്‍ച്ചയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക. നേരത്തെ തുടര്‍ച്ചയായ ആണവായുധ പരീക്ഷണങ്ങളിലൂടെയും ബാലിസ്റ്റിക് മിസൈലുകളിലൂടെയും ഉത്തരകൊറിയ യുഎസിന് പ്രകോപനം സൃഷ്ടിച്ചിരുന്നു.

Leave A Reply

Your email address will not be published.