സംസ്ഥാനത്ത് നക്സല്‍ വിരുദ്ധ സേനാംഗങ്ങള്‍ക്ക് അനുദിച്ച പ്രത്യേക ശമ്പളം വെട്ടിക്കുറച്ചു
കാളികാവ്: നക്സല്‍ വിരുദ്ധ സേനാംഗങ്ങള്‍ക്ക് അനുദിച്ച പ്രത്യേക ശമ്പളം വെട്ടിക്കുറച്ചു. ധനകാര്യവകുപ്പാണ് ശമ്പളത്തില്‍ കുറവുവരുത്തി ഉത്തരവിറക്കിയിട്ടുള്ളത്. ജോലിയിലെ പ്രയാസം കണക്കിലെടുത്താണ് 2014 മുതല്‍ അധിക ശമ്പളം അനുവദിച്ചത്. രാജ്യത്തെ പ്രധാന നക്സല്‍ വിരുദ്ധ സേനയായ ആന്ധ്രാപ്രദേശിലെയും തെലുങ്കാനയിലെയും ഗ്രേ ഹണ്ട്സിന് അധിക ശമ്പളം നല്‍കുന്നുണ്ട്. ഇതേ മാതൃകയിലാണ് സംസ്ഥാന സര്‍ക്കാര്‍ നക്സല്‍ വിരുദ്ധ സേനയ്ക്ക് അധിക ശമ്പളം അനുവദിച്ചത്.
അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം വര്‍ധനവും 10 ശതമാനം ഡി.എ. ആനുകൂല്യവുമാണ് അനുവദിച്ചിരുന്നത്. ഇതിനുപുറമെ പ്രതിമാസം 450 രൂപ റേഷന്തുകയും വര്‍ഷത്തില്‍ 5000 രൂപ യൂണിഫോം അലവന്‍സും അനുവദിച്ചിട്ടുണ്ട്. അധികമായി അനുവദിച്ച അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തില്‍നിന്ന് 28 ശതമാനം ആക്കിയാണ് ശമ്പളം കുറച്ചിട്ടുള്ളത്. ശമ്പള വര്‍ധനവ് വെട്ടിച്ചുരുക്കിയതിനെതിരേ പോലീസ് സംഘടനകള്‍ അധികൃതരെ സമീപിച്ചെങ്കിലും ധനകാര്യവകുപ്പ് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. 2014-ലെ അടിസ്ഥാന ശമ്പളം കണക്കാക്കിയാണ് ശമ്പളംവര്ധനവ് പ്രഖ്യാപിച്ചത്. ശമ്പള പരിഷ്കരണം അടിസ്ഥാനമാക്കി അധികശമ്ബളം നല്‍കുന്നത് സര്‍ക്കാരിന് വലിയ ബാധ്യതയാണെന്നാണ് ധനകാര്യവകുപ്പിന്റെ വിശദീകരണം.
ശമ്പളം കുറച്ചതില്‍ നക്സല്‍ വിരുദ്ധ സേനാംഗങ്ങള്‍ക്ക് അതൃപ്തിയുണ്ട്. പോലീസ് സംവിധാനത്തിലെ കെട്ടുറപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ആരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. റേഷന്‍ ആനുകൂല്യവും യൂണിഫോം അലവന്‍സും ഡി.എയും പഴയതുപോലെ തുടരുമെന്നും ധനകാര്യവകുപ്പ് ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ഫെബ്രുവരി മാസംവരെ അധിക ശമ്പളം ലഭിച്ചിട്ടുണ്ട്. മാര്‍ച്ചിലാണ് ധനകാര്യവകുപ്പ് 22 ശതമാനം കുറച്ചുള്ള ഉത്തരവിറക്കിയത്. ജനുവരി മുതല്‍ ഉത്തരവിന് പ്രാബല്യമുണ്ടായിരിക്കുമെന്നും എടുത്തുപറഞ്ഞിട്ടുണ്ട്. ഉത്തരവുപ്രകാരം ശമ്ബളം പറ്റിയവരെല്ലാം ജനുവരി, ഫെബ്രുവരി മാസത്തെ തുക തിരിച്ചടയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.