പ്രണയം നിരസിച്ചതിന് 17-കാരന്റെ മുഖത്ത് 16-കാരി ആസിഡ് ഒഴിച്ചു
പ്രണയം നിരസിച്ചതിന് ബംഗ്ലാദേശുകാരനായ 17-കാരന്റെ മുഖത്ത് 16-കാരി ആസിഡ് ഒഴിച്ചു. മുഖത്ത് മാരകമായി പൊള്ളലേറ്റ മഹ്മൂദുല് ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. ആക്രമണം നടത്തിയ പെണ്‍കുട്ടിയെയും അവളുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആസിഡ് സംഘടിപ്പിച്ചുകൊടുത്തത് അമ്മയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മുഖം മുഴുവനും പൊള്ളിയ മഹ്മൂദുലിന് വലതുതോളിലും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ കാഴ്ചശക്തിയെ ആക്രമണം ബാധിച്ചിട്ടുണ്ടോ എന്നത് ഡോക്ടര്‍മാര്‍ പരിശോധിച്ചുവരുന്നുണ്ട്. കടുത്ത മാസസികാഘാതവും യുവാവിനെ തളര്‍ത്തിയതായി ഡോക്ടര്‍മാര്‍ പറയുന്നു. മഹ്മൂദിലിന്റെ മുഖത്തെ പൊള്ളല്‍ ഭേദപ്പെടുത്താനാകുമെങ്കിലും ജീവിതകാലം മുഴുവന്‍ പാടുകള്‍ ശേഷിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വീട്ടിലേക്ക സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുവരവെ തെരുവില്‍വച്ചാണ് പെണ്‍കുട്ടി മഹ്മൂദിലിനെ ആക്രമിച്ചത്. മാസങ്ങളായി പെണ്‍കുട്ടി മഹ്മൂദുലിന്റെ പുറകേ നടന്ന് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. ഇക്കുറിയും മഹ്മൂദുല് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ കൈയില്‍ കരുതിയിരുന്ന ആസിഡ് അവന്റെ മുഖത്തേക്കൊഴിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ പെണ്‍കുട്ടിയെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.