മൂന്നാം മുന്നണി വേണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

0

ന്യൂഡല്‍ഹി: മൂന്നാം മുന്നണി വേണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി മുന്നാംമുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കുന്നത്. മൂന്നാംമുന്നണിയുടെ രൂപീകരണം ബിജെപി വിരുദ്ധവോട്ടുകള്‍ ചിതറിപ്പോകാന്‍ മാത്രമേ സഹായിക്കൂവെന്ന് ടി.എം.സി എം.പി സുഗത റോയ് പറഞ്ഞു. അവിശ്വാസപ്രമേയം ലോക്സഭയില്‍ പരാജയപ്പെട്ടാലും ചര്‍ച്ചാവേളയില്‍ സര്‍ക്കാരിനെ തുറന്നുകാട്ടാന്‍ പ്രതിപക്ഷത്തിന് അവസരം ലഭിക്കുമെന്നും സുഗത റോയ് അറിയിച്ചു.
ബിജെപിക്കെതിരെ എല്ലാവരും ഒന്നിച്ച്‌ നില്‍ക്കണമെന്നും കൂടുതല്‍ പ്രാദേശിക പാര്‍ട്ടികളെ ഇതിന്‍റെ ഭാഗമാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎയിലെ ഭിന്നതയും യുപിയില്‍ ബിജെപിയുടെ തിരിച്ചടിയും പ്രതിപക്ഷകക്ഷികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് സുഗത റോയ് സൂചിപ്പിച്ചു. പ്രതിപക്ഷ നിരയെ ആര് നയിക്കും എന്ന തര്‍ക്കം ഇപ്പോഴില്ല. പ്രതിപക്ഷ നിരയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയെ തകര്‍ക്കാന്‍ എല്ലാവരും ഒന്നിച്ച്‌ നില്‍ക്കണം. സംസ്ഥാനസാഹചര്യങ്ങള്‍ക്ക് അനുസരിച്ച്‌ പോരാട്ടം വ്യത്യസ്തമാകുമെന്നും സുഗത റോയ് കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.