സിറോ മലബാര്‍സഭ ഭൂമിയിടപാട് വിഷയം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തര യോഗം ഇന്ന്

0

കൊച്ചി: സിറോ മലബാര്‍സഭ ഭൂമിയിടപാട് വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ഇന്ന് വൈകുന്നേരം അടിയന്തര വൈദിക സമിതി യോഗം. വൈകിട്ട് 3ന് എറണാകുളം ബിഷപ്പ് ഹൗസിലാണ് വൈദിക സമിതി യോഗം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും യോഗത്തില്‍ പങ്കെടുക്കും. സഭയ്ക്ക് ഏറെ ക്ഷീണമുണ്ടാക്കിയ ഭൂമി വിവാദം ഒത്തുതീര്‍ക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ന് അടിയന്തിര വൈദിക യോഗം ചേരുന്നത് എന്നാണ് സൂചന. ഇന്നലെ പിഒസിയില്‍ നടത്തിയ ഉന്നതതല മധ്യസ്ഥ ശ്രമം ഫലം കണ്ടതിനെ തുടര്‍ന്നാണ് ഇന്ന് വൈദിക യോഗം വിളിച്ചിരിക്കുന്നത്. ഭൂമിയിടപാടില്‍ ധനനഷ്ടം വന്നതായും ഇത് പരിഹരിക്കാമെന്നും കര്‍ദിനാള്‍ കെസിബിസിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ അറിയിച്ചിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുള്ള വഴി തുറന്നത്.
ഭൂമി വിവാദം പരിഹരിക്കാന്‍ കെസിബിസി നടത്തിയ രണ്ടാംവട്ട മധ്യസ്ഥ ശ്രമത്തിലാണ് ഇന്നലെ ഫലം അനുകൂലമായത്. കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്പ് ഡോ സൂസെപാക്യം, മലങ്കര സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലിമീസ് കത്തോലിക്കാ ബാവ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. തനിക്ക് തെറ്റ് പറ്റിയെന്നും നഷ്ടം നികത്താനുള്ള നടപടികള്‍ എടുക്കാമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മധ്യസ്ഥ ചര്‍ച്ചയില്‍ ഇരുവരേയും അറിയിച്ചു. ഈസ്റ്ററിന് മുമ്ബ് സന്തോഷ വാര്‍ത്ത ഉണ്ടാകുമെന്നാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ ക്ലിമീസ് കാത്തോലിക്ക ബാവ അറിയിച്ചത്.

Leave A Reply

Your email address will not be published.