കോടതി നിര്‍ദേശം മറികടന്ന് ശശികല പുഷ്പയും ഡോ. ബി. രാമസ്വാമിയും വിവാഹിതരായി
ന്യൂഡല്‍ഹി: കോടതി ഉത്തരവ് അവഗണിച്ച് തമിഴ്നാട്ടില്‍നിന്നുള്ള രാജ്യസഭാംഗം ശശികല പുഷ്പയും അഭിഭാഷകസുഹൃത്ത് ഡോ. ബി. രാമസ്വാമിയും ഡല്‍ഹിയില്‍ വിവാഹിതരായി. ആദ്യ വിവാഹബന്ധം വേര്പെടുത്തിയിട്ടില്ലാത്തതിനാല് രാമസ്വാമിയുടെ വിവാഹം മധുര കോടതി വെള്ളിയാഴ്ച സ്റ്റേ ചെയ്തിരുന്നു. ഇത് വകവെക്കാതെയാണ് ഇരുവരും ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വിവാഹിതരായത്.
താനുമായി രാമസ്വാമി വേര്പിരിഞ്ഞിട്ടില്ലെന്നുകാട്ടി ടി. സത്യപ്രിയ ഫയല്‍ചെയ്ത പരാതിയിലായിരുന്നു മധുരയിലെ കുടുംബകോടതിയുടെ ഉത്തരവ്. സത്യപ്രിയയുമായുള്ള ബന്ധം നിയമപരമായി അവസാനിപ്പിച്ചശേഷമേ മറ്റൊരു വിവാഹം കഴിക്കാവൂവെന്ന് കോടതി രാമസ്വാമിയോട് നിര്‍ദേശിച്ചിരുന്നു. 2014-ലാണ് രാമസ്വാമിയെ വിവാഹം കഴിച്ച് സത്യപ്രിയ ഡല്‍ഹിയിലെത്തിയത്. താന്‍ ജഡ്ജിയാണെന്നാണ് രാമസ്വാമി പറഞ്ഞിരുന്നതെന്നും വിവാഹശേഷം ജോലിയെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം മര്‍ദിച്ചതായും സത്യപ്രിയ പരാതിപ്പെട്ടു.