ട്രംപിനെതിരെ സ്റ്റോമി ഡാനിയല്‍സ് ഉന്നയിച്ച ലൈംഗികാരോപണം തള്ളി വൈറ്റ്ഹൗസ്

0

വാഷിംഗ്ടണ്‍: മുന്‍ പോണ്‍ താരം സ്റ്റോമി ഡാനിയല്‍സ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തെ പാടെ തള്ളി വീണ്ടും വൈറ്റ്ഹൗസ്. 2006 ല്‍ നവേദയില്‍ വച്ച്‌ നടന്ന ഗോള്‍ഫ് ടൂര്‍ണമെന്‍റിനിടെ ട്രംപ് തന്നെ ലൈംഗീകമായി ചൂഷണം ചെയ്തുവെന്നായിരുന്നു സ്റ്റോമി ഡാനിയല്‍സ് ആദ്യം ഉന്നയിച്ച ആരോപണം. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലായിരുന്നു സ്റ്റോമിയുടെ വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് പറയാതിരിക്കുന്നതിന് തനിക്ക് പണം നല്‍കിയെന്നും ഇതിനായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 13,000 ഡോളറാണ് തനിക്ക് ലഭിച്ചതെന്നും സ്റ്റോമി പിന്നീട് പറഞ്ഞിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുന്‍പായിരുന്നു സ്റ്റോമി ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചത്.
പിന്നീട്, തങ്ങള്‍ തമ്മിലുള്ള ബന്ധം പരസ്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ട്രംപ് അനുയായികള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഇക്കഴിഞ്ഞ ഞായറാഴ്ച സ്റ്റോമി ഡാനിയല്‍സ് വെളിപ്പെടുത്തിയിരുന്നു. സ്റ്റോമിയുടെ പുതിയ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ വിഷയത്തില്‍ ട്രംപിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തി. ട്രംപിനെതിരെ ഉയര്‍ന്ന ലൈഗികാരോപണവും ഇതുമായി ബന്ധപ്പെട്ട് പിന്നീടുവന്ന മറ്റെല്ലാ ആരോപണങ്ങളും അടിസ്ഥാനമില്ലാത്തതാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ ആവര്‍ത്തിച്ചു.

Leave A Reply

Your email address will not be published.