നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന എംഎല്‍എമാര്‍ക്ക് വിമാനക്കൂലി അനുവദിക്കാന്‍ തീരുമാനം
തിരുവനന്തപുരം: നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിന് എംഎല്‍എമാര്‍ക്ക് വിമാനക്കൂലി അനുവദിക്കാന്‍ വ്യവസ്ഥചെയ്യുന്ന ബില്‍ നിയമസഭ പാസാക്കി. നിയമസഭാ സമിതികളില്‍ പങ്കെടുക്കാനെത്തുന്ന എംഎല്‍എമാര്‍ക്ക് വിമാനക്കൂലി നല്‍കാനുള്ള നിര്‍ദേശമാണ് സബ്ജറ്റ് കമ്മിറ്റി നല്‍കിയിരുന്നത്. എന്നാല്‍, ഇന്നുചേര്‍ന്ന നിയമസഭാ സമ്മേളനത്തിലാണ് ഇത് ഭേദഗതി ചെയ്ത് സമ്മേളനത്തില്‍ പങ്കെടുക്കുന്ന എംഎല്‍എമാര്‍ക്കും വിമാനക്കൂലി അനുവദിക്കാന്‍ തീരുമാനമായത്. ഒരു വര്‍ഷം 50,000 രൂപ വരെ വിമാനക്കൂലിയായി നല്‍കാനാണ് സഭ അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ എംഎല്‍എമാരുടെ ശമ്ബളവും ബത്തയും വര്‍ധിപ്പിച്ചുകൊണ്ടുള്ള ബില്ലിനും നിയമസഭ അംഗീകാരം നല്കി. സംസ്ഥാനത്ത് കടുത്ത സാമ്ബത്തിക പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്ന ധനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എംഎല്‍എമാരുടെ ശമ്ബളം ഉയര്‍ത്താനുള്ള നിര്‍ദേശം ഉയര്‍ന്നത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.